അഴിമതിയുടെ വികസനം; റോഡുപണി വീണ്ടും നാട്ടുകാർ തടഞ്ഞു
1461245
Tuesday, October 15, 2024 6:28 AM IST
പുന്നയൂർക്കുളം: ഗുണനിലവാരമില്ലാത്ത സിമന്റ് ്കട്ടയുമായുള്ള റോഡുപണി നാട്ടുകാർ വീണ്ടും തടഞ്ഞു. ഉപ്പുങ്ങൽ ചങ്ങരംകുളം റോഡിന്റെ നവീകരണത്തിൽ അഴിമതി ആരോപിച്ചാണ് നാട്ടുകാർ പ്രവൃത്തി തടഞ്ഞത്.
പാലായ്ക്കൽ കടവിൽ നടക്കുന്ന പ്രവൃത്തിയിൽ ഗുണനിലവാരമില്ലാത്ത ഇന്റർലോക്ക് കട്ട വിരിച്ചുവെന്നാരോപിച്ചാണ് പ്രവൃത്തി തടഞ്ഞത്.
രണ്ട് കിലോമീറ്റർ വരുന്ന റോഡിന്റെ ടാറിടൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ രണ്ടുവർഷംമുമ്പ് പൂർത്തീകരിച്ചിട്ടുണ്ട്. ശേഷിച്ച സ്ഥലമായ പാടശേഖര റോഡിൽ കട്ട വിരിക്കാനായി ലോറിയിൽ എത്തിച്ച സിമന്റ്് കട്ടയാണ് ഗുണനിലവാരമില്ലാത്തതാണെന്ന കാരണത്താൽ നാട്ടുകാർ പ്രവൃത്തിനിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.
ഇതിനിടെ റോഡിൽ വിരിക്കാൻ എത്തിച്ച സിമന്റുകട്ട മോശമാ ണെന്നുപറഞ്ഞ് തൊഴിലാളികൾ പണിനടത്താനും തയാറായില്ല റോഡു നവീകരണമാരംഭിച്ച് രണ്ടാം തവണയാണ് നാട്ടുകാർ പ്രവൃത്തി തടയുന്നത്. റോഡിന്റെ രണ്ടുവശങ്ങളിലും കോൺക്രീറ്റ് സംരക്ഷണ ഭിത്തികൾ നിർമിക്കുമെന്നായിരുന്നു എസ്റ്റിമേറ്റിൽ പറഞ്ഞിരുന്നത്. ഇത് ഒരു വശത്ത് മാത്രമാക്കിയപ്പോഴാണ് ആദ്യം നിർമാണം തടഞ്ഞത്.
അന്ന് സ്ഥലത്തെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥർ പ്രശ്നങ്ങൾ പരിഹരിച്ചശേഷമേ റോഡിന്റെ നിർമാണം നടത്തുകയുള്ളോ എന്നുറപ്പുപറഞ്ഞതിനുപിന്നാലെയാണ് പഴയ പൊട്ടിയ സിമന്റ്് കട്ടയുമായി ലോഡ് എത്തിയത്. ഇതുവിരിക്കാൻ തുടങ്ങിയപ്പോഴാണു നാട്ടുകാർ തടഞ്ഞത്.