തിരുവില്വാമല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ്: എട്ടുപേർക്കെതിരേ കേസ്
1461003
Monday, October 14, 2024 7:36 AM IST
തിരുവില്വാമല: തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്കില്‍ 2.43 കോടി രൂപയുടെ തട്ടിപ്പു നടന്ന സംഭവത്തില്‍ ബാങ്ക് പ്രസിഡന്റു സെക്രട്ടറിയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ പഴയന്നൂര്‍ പോലീസ് കേസെടുത്തു.
ഒന്നാം പ്രതിയായ ബാങ്ക് ഹെഡ് ക്ലര്‍ക്ക് സുനീഷ് വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്യായത്തിലാണ് നടപടി. സെക്രട്ടറി എസ്. വിനോദ്കുമാര്‍, പ്രസിഡന്റ് എം. അരവിന്ദാക്ഷന് നായര്‍, ഡയറക്ടര്‍ വി. രാമചന്ദ്രന്, അസിസ്റ്റന്റ് സെക്രട്ടറി എ. മുരളി, അക്കൗണ്ടന്റ് കെ.എന്‍. ബാബു,
ഹെഡ് ക്ലാര്‍ക്ക് വി.എന്‍. സുമേഷ്, ജൂണിയര്‍ ക്ലർക്ക് ശ്രീജ , പ്യൂൺ വി. ബാബു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് കേസ് അന്വേഷിക്കുന്ന പഴയന്നൂർ സിഐ മുഹമ്മദ് ബഷീർ പറഞ്ഞു. വ്യാജരേഖകളും ഒപ്പുകളും ചമച്ച് 16 നിക്ഷേപകരുടെ ഫിക്സഡ് ഡെപ്പോസിറ്റ് പലപ്പോഴായി നിക്ഷേപകരറിയാതെ പിന്‍വലിച്ചുവെന്നതാണ് സുനീഷിനെതിരെയുള്ള കേസ്.
ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് വ്യക്തമായത്. പഴയന്നൂര്‍ പോലീസ് കേസെടുത്തതിനെ തുടർന്ന് സുനീഷിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് ബാങ്കിനു മുന്നിൽ പ്രതിഷേധസമരം സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ ഉദ്ഘാടനംചെയ്യും.