ആളില്ല.., ആരവവും...ഇഎംഎസ് സ്ക്വയർ അനാഥമാകുന്നു
1461001
Monday, October 14, 2024 7:36 AM IST
സി.ജി. ജിജാസൽ
തൃശൂർ: ആളുമില്ല, ആരവവുമില്ല. നഗരത്തിന്റെ പൊതുഇടമെന്ന് അവകാശപ്പെട്ട് നിർമിച്ച ഇഎംഎസ് സ്ക്വയർ അനാഥമാകുന്നു. സാംസ്കാരികതലസ്ഥാനമായ തൃശൂരിന്റെ ജനകീയചർച്ചകൾക്കു പട്ടണത്തിൽ ഒരു പൊതുവേദി എന്ന ലക്ഷ്യത്തോടെ കോർപറേഷൻ 54-ാം കർമപദ്ധതിയായി പട്ടാളം റോഡിൽ നിർമിച്ച ഇഎംഎസ് സ്ക്വയറാണ് പരിപാടികൾ യാതൊന്നും നടക്കാതെ നോക്കുകുത്തിയായി മാറുന്നത്. തുറന്ന വേദിയും ഇരിപ്പിടങ്ങളും സെൽഫി പോയിന്റും അടക്കം വിപുലമായ സൗകര്യങ്ങളോടെയാണ് ചത്വരം നിർമിച്ചതെങ്കിലും ചുരുക്കം ചില പാർട്ടിപരിപാടികൾ ഒഴികെ മറ്റൊന്നും ഇവിടെ നടന്നിട്ടില്ലെന്നാണ് വസ്തുത.
തുടക്കംമുതൽക്കെ നിരവധി വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും വഴിയൊരുക്കിയ സ്ക്വയർനിർമാണവും തുടർന്നുള്ള പ്രവർത്തനങ്ങളും യാതൊരു പ്രയോജനവുമില്ലാതെ മാറിയിരിക്കുകയാണിപ്പോൾ. പട്ടാളം റോഡിൽ ബിഎസ്എൻഎൽ ഓഫീസിനു തെക്കുഭാഗത്തായി നിർമിച്ച സ്ക്വയർ പൊതുപരിപാടികൾക്കു വിട്ടുനൽകുമെന്നും അതിലൂടെ കോർപറേഷനു മുൻപിലെ എല്ലാ യോഗങ്ങളും സമരപരിപാടികളും ഇവിടേക്കു മാറ്റുമെന്നായിരുന്നു മേയർ അടക്കമുള്ളവരുടെ അവകാശവാദം.
എന്നാൽ ഭരണമുന്നണിയുടേത് ഉൾപ്പെടെയുള്ള പരിപാടികളും ഇപ്പോഴും കോർപറേഷനു മുൻപിലാണ് നടക്കുന്നത്. കോർപറേഷനു മുൻപിൽ യോഗങ്ങളും പ്രതിഷേധങ്ങളും നടത്താൻ സ്ഥലമില്ലാതാകുന്പോൾപോലും ഈ സ്ക്വയറിനു സമീപം നടപ്പാത കൈയേറി നടക്കുന്ന യോഗങ്ങൾ അല്ലാതെ സ്ക്വയറിലേക്ക് ആരും തിരിഞ്ഞുനോക്കുന്നുമില്ല.
അനാവശ്യമായുള്ള നിർമിതിയാണിതെന്നും ആ സ്ഥലത്തു ഷോപ്പിംഗ് കോംപ്ലക്സ് നിർമിച്ചാൽ കോർപറേഷന് അധികവരുമാനം നേടാനാകുമെന്നും നേരത്തേ പ്രതിപക്ഷനേതാക്കൾ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ചെവിക്കൊള്ളാതെയായിരുന്നു നിർമാണം. നാടിന്റെ സാംസ്കാരിക രാഷ്ട്രീയചരിത്രം അടയാളപ്പെടുത്തിയ റിലീഫ് ആർട്ട് വർക്കുകളൊക്കെ ചേർത്ത്, കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുടെ പേരിൽ സാംസ്കാരികനഗരിയിൽ ആദ്യമായി ഉയർന്ന സ്മാരകമാണ് ഇപ്പോൾ അനാഥത്വത്തിലേക്കു ചുവടുവയ്ക്കുന്നത്.
ഇഎംഎസിനെ അവഹേളിക്കുന്നു: ജോണ് ഡാനിയൽ
കോർപറേഷൻ കോടികൾ ചെലവിട്ട് നിർമിച്ച ഇഎംഎസ് സ്ക്വയറിൽ കോർപറേഷൻ പരിപാടികളെങ്കിലും നടത്തണമെന്നു കെപിസിസി സെക്രട്ടറിയും കൗണ്സിലറുമായ ജോണ് ഡാനിയൽ ആവശ്യപ്പെട്ടു.
ഇഎംഎസിന്റെ പേരിൽ നിർമിച്ച സ്ക്വയറിനെ ഒരു പരിപാടിയും നടത്താതെ ഇടതുഭരണമുള്ള കോർപറേഷൻപോലും തഴഞ്ഞിരിക്കുകയാണ്. നേരത്തേ കോർപറേഷന്റെ അടക്കം പൊതുപരിപാടികൾ ഇവിടെ നടത്തുമെന്നാണ് മേയർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് കോർപറേഷൻ ഇഎംഎസ് സ്ക്വയറിലേക്കു തിരിഞ്ഞുനോക്കിയില്ല.
നിലവിൽ ആർക്കും വേണ്ടാതെ അനാഥപ്രേതംപോലെ കിടക്കുകയാണ് സ്ക്വയർ. മുൻമുഖ്യമന്ത്രി ഇഎംഎസിന്റെ പേരിലുള്ള ഇവിടെ പാർട്ടി യോഗങ്ങൾ സംഘടിപ്പിക്കാൻ സിപിഎമ്മെങ്കിലും തയാറാവണം. ഇഎംഎസിനെ അവഹേളിക്കുന്ന കോർപറേഷനെ തിരുത്താൻ സിപിഎം ജില്ലാ നേതൃത്വം തയാറാവണമെന്നും ജോണ് ഡാനിയൽ ആവശ്യപ്പെട്ടു.
ഏകാധിപത്യ തീരുമാനം: വിനോദ് പൊള്ളാഞ്ചേരി
മാർകിസ്റ്റ് പാർട്ടി അവരുടേതായ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കം നടത്തുന്നതിന്റെ ഭാഗംമാത്രമായാണ് ഇഎംഎസ് സ്ക്വയർ നിർമിച്ചത്. പൊതുജനങ്ങൾക്കോ പരിപാടികൾ നടത്തുന്നവർക്കോ യാതൊരുവിധ പ്രയോജനവും ഇതുകൊണ്ട് ലഭിക്കുന്നില്ല. കൂടിയാലോചനകൾ ഇല്ലാതെ ഏകാധിപത്യ തീരുമാനത്തിലൂടെയാണ് ചത്വരം നിർമിച്ചത്.
അമൃത് ഫണ്ടിൽനിന്ന് ലഭിച്ച തുക വെറുതെ ചെലവാക്കുക എന്ന ലക്ഷ്യംമാത്രമേ ഇതിനു പിറകിലുണ്ടായിരുന്നുള്ളു. പ്ലാനിംഗ് ഇല്ലാതെ പണിത ചത്വരത്തിൽ പരിപാടികൾ നടത്തിയാൽപോലും അവശ്യമായ ജനശ്രദ്ധ കിട്ടുന്നില്ല. വിഷയത്തിൽ ഇനിയെങ്കിലും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.