റോഡ് "കുട്ടപ്പനെ'ന്ന് എൻജിനീയർ; പലയിടവും പൊട്ടിപ്പൊളിഞ്ഞു
1460606
Friday, October 11, 2024 7:16 AM IST
തൃശൂർ: തൃശൂർ-കുറ്റിപ്പുറം റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലായിട്ടും അറ്റകുറ്റപ്പണികൾ കഴിഞ്ഞ ആറിനു പൂർത്തിയാക്കിയെന്നു ഹൈക്കോടതിയിൽ കെഎസ്ടിപിയുടെ സത്യവാങ്മൂലം. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കെപിസിസി സെക്രട്ടറി അഡ്വ.ഷാജി ജെ. കോ ടങ്കണ്ടത്ത് സമർപ്പിച്ച ഹർജി വാദത്തിനെടുത്തപ്പോഴാണ് ചീഫ് എൻജിനീയർ കുഴികൾ മുഴുവൻ അടച്ചെന്നും പലഭാഗത്തും റീടാറിംഗ് നടത്തിയെന്നും വിശദീകരിച്ചത്.
രണ്ടുവട്ടം റോഡുപണി നിരീക്ഷിക്കാനെത്തിയ ജില്ലാ കളക്ടർ പൂർണസംതൃപ്തി രേഖപ്പെടുത്തി. 15 വർഷമായി സംസ്ഥാനപാതയുടെ അറ്റകുറ്റപ്പണി നടത്തി യിട്ടില്ല. അറ്റകുറ്റപ്പണിക്കായി മേയിൽ 29 ലക്ഷത്തിന്റെയും ജൂലൈയിൽ 59.64 ലക്ഷത്തിന്റെയും ഭരണാനുമതി നൽകി. ഈ തുകയുപയോഗിച്ചാണ് പണി പൂർത്തിയാക്കിയത്. റോഡിന്റെ കോണ്ക്രീറ്റ് പണിക്കുവേണ്ടി സെപ്റ്റംബർ മൂന്നിനു വിളിച്ച ടെൻഡർ ഇന്നലെ തുറന്നു. ഒന്പതുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അറ്റകുറ്റപ്പണി പൂർത്തിയാക്കിയെന്നു പറയുന്പോഴും റോഡിന്റെ പലഭാഗവും പൊളിഞ്ഞനിലയിലാണ്. കൈപ്പറന്പ് ഭാഗത്തുമാത്രം നിരവധി കുഴികൾ രൂപപ്പെട്ടു. ഗുണനിലവാരമില്ലാത്ത തരത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതാണ് റോഡ് വീണ്ടും പൊളിയാൻ കാരണമെന്നും ആക്ഷേപമുണ്ട്. രണ്ടു ഘട്ടങ്ങളിലായി 88.64 ലക്ഷമാണ് അറ്റകുറ്റപ്പണിക്കു ചെലവാക്കിയത്. ആദ്യഘട്ടം അറ്റകുറ്റപ്പണി പൂർത്തിയാക്കിയശേഷമാണ് കനത്ത മഴയിൽ റോഡ് തകർന്നത്. തുടർന്ന് 59 ലക്ഷം ചെലവിട്ട് അടുത്തിടെ അറ്റകുറ്റപ്പണി നടത്തി. ഇതിനുശേഷമാണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്.
ചീഫ് എൻജിനീയറുടെ സത്യവാങ്മൂലത്തിൽ പരാതിയുണ്ടെങ്കിൽ 15നു ബോധിപ്പിക്കാൻ ഹർജിക്കാരനു കോടതി നിർദേശം നൽകി.