"അരിവിതരണം നടത്തിയതിനെതിരേ എൽഡിഎഫ് നടത്തുന്നതു കുപ്രചാരണം'
1460598
Friday, October 11, 2024 7:16 AM IST
ചാലക്കുടി: കുറ്റിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്കിൽ നിന്നും നടത്തിയ അരിവിതരണം സംബന്ധിച്ച് എൽഡിഎഫ് നടത്തുന്നത് കുപ്രചാരണമാണെന്നും ബാങ്കിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ബാങ്ക് പ്രസിഡന്റ് പി.കെ. ജോസ് പടിഞ്ഞാക്കര അറിയിച്ചു.
ഓണം പ്രമാണിച്ച് കഴിഞ്ഞ അഞ്ചു വർഷമായി 10 കിലോ അരിവീതം സബ്സിഡിനിരക്കിൽ വിതരണം ചെയ്തുവരുന്നുണ്ട്. ഈ വർഷം സെപ്റ്റംബർ 9,10 തീയതികളിൽ 5000ത്തോളം കുടുംബങ്ങൾക്ക് 10 കിലോ അരി വീതം വിതരണം ചെയ്തു. 10 കിലോ കിറ്റിന് 220 രൂപ നിരക്കിൽ ആയിരുന്നു വിതരണം ചെയ്തത്. കിറ്റിന് 400 രൂപ നിരക്കിൽ പുലരി അങ്കമാലി എന്ന കമ്പനിയിൽനിന്നു വാങ്ങിയ അരിയാണ്.
ഓഹരിക്കാരിൽനിന്നും 10 കിലോ കിറ്റിന് 220 രൂപ നിരക്കിൽ വിതരണം ചെയ്തത്. അരി മോശമാണെന്നോ ഉപയോഗിക്കുവാൻ പറ്റാത്തതാണെന്നോ ഒരു ഓഹരിക്കാരന്റെപോലും പരാതി ബാങ്കിൽ ഇതുവരെയും ലഭിച്ചിട്ടില്ല. അരിവിതരണം നടന്ന് 20 ദിവസം കഴിഞ്ഞ് നടത്തിയ ബാങ്കിന്റെ പൊതുയോഗത്തിൽ അരി വിതരണം സംബന്ധിച്ച് ആരും പരാതി പറഞ്ഞിട്ടില്ല. മാത്രമല്ല മികച്ച അരിയാണെന്ന അഭിപ്രായമാണ് ഉയർന്നത്.
എന്നാൽ ഇപ്പോൾ അരി എക്സ്പയറി ഡേറ്റ് കഴിഞ്ഞതാണെന്ന പ്രചാരണം നടത്തികൊണ്ട് കഴിഞ്ഞ ദിവസം ബാങ്കിനുമുമ്പിൽ എൽഡിഎഫ് ധർണ നടത്തുകയും ബാങ്കിനെ അപകീർത്തിപ്പെടുത്തുന്ന വിധിത്തിൽ കുറെ പ്രചാരണങ്ങളും നടത്തിക്കൊ ണ്ടിരിക്കുകയാണ്.
എക്സ്പയറി ഡേറ്റ് കഴിഞ്ഞു എന്നുപറയുന്ന പ്രചാരണത്തിന്റെ അടിസ്ഥാനം കിറ്റിൽ തീയതികൾ സീൽ ചെയ്തതിൽ വന്ന ഒരു അപാകതമാത്രമാണ്. എക്സ്പയറി ഡേറ്റ് എന്ന് രേഖപ്പെടുത്തിയതിന് മാനുഫാക്ചറിംഗ് ഡേറ്റ് വരുകയും എക്സ്പയറി ഡേറ്റ് ബെസ്റ്റ് ബിഫോർ 12 മാസം എന്നതു അതിനു താഴെ വരികയും ചെയ്തു എന്നതു മാത്രമാണ്. ഇതിൽ യാതൊരു അപാകതയും സംഭവിച്ചിട്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.
ജില്ലയിൽതന്നെ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ബാങ്കിനെതിരേ നടത്തുന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണെന്നും പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ജോസ് പടിഞ്ഞാക്കര, വൈസ് പ്രസിഡന്റ്് ജോസുട്ടൻ കൈതാരം, ഡയറക്ടർ പി.പി.പോളി എന്നിവർ അറിയിച്ചു.