സഹൃദയയില്‍ സ്പോര്‍ട്സ് കോണ്വൊക്കേഷന് സംഘടിപ്പിച്ചു
1460250
Thursday, October 10, 2024 8:21 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ സ്പോര്‍ട്സ് കോണ്വൊക്കേഷന് സംഘടിപ്പിച്ചു. കാലിക്കട്ട് സര്‍വകലാശാലയുടെ കായികമത്സരങ്ങളില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ സഹൃദയയിലെ കായികതാരങ്ങളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് സ്പോര്‍ട്സ് കോണ്വൊക്കേഷന് സംഘടിപ്പിച്ചത്.
ഇരിങ്ങാലക്കുട രൂപത ബിഷപ്പും ഐഡിഇടിയുടെ ചെയര്‍മാനുമായ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കാലിക്കട്ട് സർവകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
കാലിക്കട്ട്് സര്‍വകലാശാല കായിക വിഭാഗത്തില്‍ ഏറ്റവും മികച്ച കോളജുകളില്‍ ഒന്നായി അടയാളപ്പെടുത്തപ്പെട്ട സഹൃദയയുടെ കായിക വിഭാഗം മേധാവിയെയും കായികതാരങ്ങളെയും പരിശീലകരെയും അവര്‍ക്ക് വേണ്ട എല്ലാ സഹായസഹകരണങ്ങളും നല്കുന്ന കോളജ് മാനേജ്മെന്റിനെയും ഡോ.സക്കീര്‍ ഹുസൈന് അഭിനന്ദിച്ചു. ഇന്റര്‍നാഷണല്‍, നാഷണല്‍, യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ വിജയികളായ 132 കായികതാരങ്ങള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. 2021-2024 ബാച്ച് ബിരുദ വിദ്യാര്‍ഥികളില്‍ യൂണിവേഴ്സിറ്റി റാങ്ക് നേടിയവരെയും ചടങ്ങില്‍ അനുമോദിച്ചു.
സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, പ്രിന്‍സിപ്പല്‍ കെ.എല്‍. ജോയ് , ഫിനാന്‍സ് ഓഫീസര്‍ ഫാ.ആന്റോ വട്ടോലി , വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, ആര്‍ട്സ് ആന്‍ഡ് കോമേഴ്സ് വിഭാഗം ഡീന്‍ പ്രഫ. വി.ജെ.തോമസ്, കായികവിഭാഗം മേധാവി ഡോ. പോള്‍ ചാക്കോ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.