പോലീസ് സംവിധാനങ്ങളിൽ ആസൂത്രിതമായ വർഗീയവത്കരണം നടക്കുന്നെന്ന് എസ്ഡിപിഐ
1460046
Wednesday, October 9, 2024 8:47 AM IST
തൃശൂർ: പോലീസ് സംവിധാനങ്ങളിൽ ആസൂത്രിതമായ വർഗീയവത്കരണം നടക്കുന്നതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അഷറഫ് വടക്കൂട്ട്. തൃശൂരിലും അത്തരം പ്രവർത്തനങ്ങൾ വർധിച്ചുവരികയാണ്. അതിന്റെ തെളിവാണ് ഇവർ സർവീസിൽനിന്നും ഇറങ്ങിയതിനുശേഷം സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ഭാഗമാകുന്നത്.
എഡിജിപി അജിത്കുമാർ, ടി.പി. സെൻകുമാർ, ഉണ്ണിരാജ തുടങ്ങിയവരുടെ പേരെടുത്തുപറഞ്ഞാണ് എസ്ഡിപിഐ നേതാവ് ആരോപണം ഉന്നയിച്ചത്. ആഭ്യന്തരം കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിക്കും ഇവ കൈകാര്യംചെയ്യുന്നതിൽ ഉത്തരവാദിത്വമുണ്ട്. എന്നാൽ അതു ചെയ്യുന്നില്ല എന്നതിന്റെ തെളിവാണ് നിലവിൽ ഉള്ളത്.
അജിത്കുമാർ സംഘപരിവാർപ്രസ്ഥാനത്തിന്റെ രണ്ടാമത്തെ നേതാവാണ്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഉണ്ണിരാജ നിലവിൽ വിഎച്ച്പിയുടെ വർക്കിംഗ് പ്രസിഡന്റാണ്. നേരത്തേയും ഇത്തരം ഉദ്യോഗസ്ഥർ പക്ഷപാതപരമായ നടപടികൾ സ്വീകരിക്കുന്നുവെന്നു എസ്ഡിപിഐ ആരോപിച്ചപ്പോൾ അവയെ തള്ളിക്കളയുകയാണ് സർക്കാർ ചെയ്തത്. പലപ്പോഴും ഇടതുപക്ഷസർക്കാരും ഇത്തരക്കാരും തമ്മിലുള്ള രാഷ്ട്രീയക്കളികളും ഇതിനു പിറകിലുണ്ടെന്നും എസ്ഡിപിഐ ആരോപിച്ചു.
ഈ സാഹചര്യത്തിൽ പിണറായി പോലീസ് - ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന തലക്കെട്ടിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ജനജാഗ്രതാ കാന്പയിന്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് ഇന്നുരാവിലെ ഒന്പതിനു കാഞ്ഞിരക്കോട് സെന്ററിൽ തുടക്കമാകും. വാഹനജാഥകൾ, പദയാത്രകൾ, ലഘുലേഖ വിതരണം, ഗൃഹസന്പർക്കം ഉൾപ്പെടെയുള്ള പരിപാടികൾ ഉണ്ടായിരിക്കും.
ജില്ലാ ജനറൽ സെക്രട്ടറി കെ.വി. നാസർ, ജില്ലാ സെക്രട്ടറി മനാഫ് കരൂപ്പടന്ന, സെക്രട്ടേറിയറ്റ് അംഗം ആസിഫ് അബ്ദുള്ള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.