പാറമേക്കാവ് അഗ്രശാല തീപിടിത്തം: വിശദ അന്വേഷണത്തിനു പോലീസ്
1459763
Tuesday, October 8, 2024 8:09 AM IST
തൃശൂർ: പാറമേക്കാവ് അഗ്രശാലയിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ തീപിടിത്തം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും. തീപിടിത്തത്തിൽ അട്ടിമറിയുണ്ടെന്ന സംശയമുന്നയിച്ച പാറമേക്കാവ് ദേവസ്വം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം.
ഞായറാഴ്ച രാത്രി നവരാത്രിയോടനുബന്ധിച്ചുള്ള നൃത്തപരിപാടികൾ നടക്കുന്നതിനിടെയാണ് അഗ്രശാലയുടെ മുകൾനിലയിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യതകൾ ഫയർ ഫോഴ്സും പോലീസും തള്ളിക്കളയുന്നില്ല.
പൂരക്കാലത്തു കഞ്ഞി വിളമ്പാനുള്ള പാളപ്പാത്രങ്ങളിലേക്കു തീ വീണ് ആളിപ്പടർന്നതാണോ എന്നും സംശയിക്കുന്നു. താഴത്തെനിലയിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചിരുന്നവരുടെ വസ്ത്രങ്ങളും മേക്കപ്പ് സാധനസാമഗ്രികളും സൂക്ഷിച്ചിരുന്നതും ഗ്രീൻ റൂമും മുകൾനിലയിലായിരുന്നു.
ഫയർ ഫോഴ്സും പോലീസും തീപിടിത്തമുണ്ടായ സ്ഥലത്തു വിശദമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പോലീസ് ആവശ്യപ്പെടുന്ന പക്ഷം ഫയർഫോഴ്സ് തങ്ങളുടെ അന്വേഷണറിപ്പോർട്ട് കൈ മാറും. ക്ഷേത്രത്തിലും സമീപത്തും അഗ്രശാല ഹാളിലുമുള്ള സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
സ്വന്തം ലേഖകൻ