ലൈസൻസ് ഇല്ലാതെ കെട്ടിടം പ്രവർത്തിക്കുന്നത് എങ്ങനെ: മനുഷ്യാവകാശ കമ്മീഷൻ
1459762
Tuesday, October 8, 2024 8:09 AM IST
തൃശൂർ: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ എക്സിബിഷൻ ആൻഡ് മറൈൻ റിസർച്ച് സെന്റർ അമ്യൂസ്മെന്റ് പാർക്ക് ചട്ടങ്ങൾ ലംഘിച്ചു നിർമിച്ചതാണെങ്കിൽ ഇപ്പോഴും പ്രവർത്തിക്കുന്നത് എങ്ങനെയെന്നു മനുഷ്യാവകാശ കമ്മീഷൻ. ലൈസൻസില്ലാത്ത സ്ഥാപനം കെട്ടിടനിർമാണത്തിലെ ചട്ടലംഘനങ്ങൾ ക്രമവത്കരിക്കുന്നതിൽ സ്വീകരിച്ച നടപടികൾ വ്യക്തമല്ലെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
ഇക്കാര്യങ്ങൾ പരിശോധിച്ചു വ്യക്തതവരുത്തിയശേഷം അന്തിമ റിപ്പോർട്ട് ഒക്ടോബറിൽ കമ്മീഷൻ കേസ് പരിഗണിക്കുന്ന വേളയിൽ സമർപ്പിക്കണമെന്നു തൃശൂർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കു നിർദേശം നൽകി.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പഞ്ചായത്തിന്റെ അനുമതിയില്ലെന്നും ഗ്രാമപഞ്ചായത്ത് നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ചട്ടലംഘനം ക്രമവത്കരിക്കാൻ സ്ഥാപനം അപേക്ഷ നൽകിയിട്ടുണ്ടെന്നും നിലവിൽ സ്ഥാപനത്തിനു ലൈസൻസ് പുതുക്കിനൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കടലോരത്തെ സർക്കാർഭൂമി കൈയേറി റോഡും ചെറിയ പാലങ്ങളും കുളങ്ങളും അമ്യൂസ്മെന്റ് പാർക്ക് നിർമിച്ചിട്ടുണ്ടെന്നു പരാതിക്കാരനായ ശ്രീജിത്ത് കമ്മീഷനെ അറിയിച്ചു.