ഇരുചക്രവാഹനവുമായി വീട്ടമ്മ പത്തടി താഴ്ചയുള്ള കുഴിയിൽവീണു
1459750
Tuesday, October 8, 2024 8:09 AM IST
കൊരട്ടി: യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ പുരോഗമിക്കുന്ന ദേശീയപാത നിർമാണ പ്രവൃത്തികൾക്കിടെ വീണ്ടും അപകടം. ഇരുചക്രവാഹനമോടിച്ച വീട്ടമ്മ പത്തടിയോളം താഴ്ചയുള്ള കുഴിയിൽവീണു. അന്നമനട സ്വദേശി തോട്ടത്തിൽ സതിയാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആഴമുളള കുഴിയിൽവീണത്. ദേശീയപാതയോരത്ത് കാനനിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയാണ് അപകടക്കെണിയായി മാറിയത്.
ആധാരമെഴുത്ത് ഓഫീസിലെത്തി തിരിച്ചുപോകുന്നതിനിടെ കിടങ്ങിലേക്ക് സ്ക്കൂട്ടറടക്കം വീഴുകയായിരുന്നു. കാന കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി കുത്തനെകെട്ടിയ കൂർത്ത അഗ്രമുള്ള കമ്പികളിലേക്കു വീഴാതിരുന്നത് വൻദുരന്തം ഒഴിവാക്കി.
ബാങ്കുകളിലേക്കും ആധാരമെഴുത്ത് ഓഫീസിലേക്കും പോ കുവാൻ മൂന്നടിയോളം വീതിയുള്ള പാതയാണ് താൽക്കാലികമായി ഒരുക്കിയിരിക്കുന്നത്. നിരപ്പായ രീതിയിലല്ല ക്രമീകരണം. ഇടുങ്ങിയ പാതയിലൂടെ സ്കൂട്ടറിൽ വരുന്നതിനിടെയാണ് മണ്ണിൽ തെന്നി ഇവർ കുഴിയിൽവീണത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ടുള്ള ആറാമത്തെ അപകടമാണിത്. കൊരട്ടിയിലും മുരിങ്ങൂരിലും ചിറങ്ങരയിലും നടക്കുന്ന നിർമാണ പ്രവൃത്തികളിൽ യാതൊരു സുരക്ഷാക്രമീകരണങ്ങളും ഇല്ലെന്ന് വ്യാപക പരാതികളുണ്ട്.