ക്രൈസ്റ്റ് കോളജില്‍ അന്തര്‍ദേശീയ ഗണിതശാസ്ത്ര സമ്മേളനം
1458918
Friday, October 4, 2024 7:07 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഗണിതശാസ്ത്ര വിഭാഗം സംസ്ഥാ ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷന്റെയും സഹകരണത്തോടെ, ഗ്രാഫ് തിയറി ആന്‍ഡ് ഇറ്റ്സ് ആപ്ലിക്കേഷന്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സമ്മേളനം (ഐസിജിടിഎ 2024) ആരംഭിച്ചു. കേരള ഗണിതശാസ്ത്ര അസോസിയേഷന് പ്രസിഡന്റും കുസാറ്റിലെ മുന്‍ അധ്യാപകനുമായ ഡോ. എ. കൃഷ്ണമൂര്‍ത്തി കോണ്‍ഫറന്‍സ് ഉദ്ഘാടനംചെയ് തു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷനായിരുന്നു.
കൊച്ചിന് ആര്എസ്ഇടിയില് നിന്നുള്ള ഡോ. പി.ബി. വിനോദ്കുമാര്‍, ക്രൈസ്റ്റ് കോളജിലെ ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഡോ.എന്‍.കെ. സുദേവ് എന്നിവര്‍ പ്രസംഗിച്ചു. ഗണിതശാസ്ത്ര വിഭാഗം മേധാവിയും ഐസിജിടിഎ 2024 കണ്‍വീനറുമായ ഡോ.വി. സീന സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ടി. ജോജു നന്ദിയും പറഞ്ഞു.
അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞനും ഇന്‍ട്രൊഡക്ഷന്‍ ടു ഗ്രാഫ് തിയറി എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ഡി.ബി. വെസ്റ്റ്, ലൈന്‍ ഗ്രാഫ്സ് ആന്‍ഡ് ലൈന്‍ ഡയഗ്രാഫ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ജയ് ബഗാ, ദക്ഷിണാഫ്രിക്കയിലെ വിറ്റ്സ് വിത് വാട്ടര്‍സ്റാന്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ യൂനിസ് എംഫകോ ബന്ദ, ബംഗളൂരു ക്രൈസ്റ്റ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിലെ പ്രഫ. എന്‍.കെ. സുദേവ്, ഉത്തര്‍പ്രദേശിലെ ശിവനാടാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനെന്‍സിലെ ഡോ. സത്യനാരായണ റെഡ്ഢി കൊല്‍ക്കത്ത വിദ്യാസാഗര്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ. മധു മഗള്പാല്, കാസര്‍ഗോഡ് ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഷാഹുല്‍ ഹമീദ്, എടത്വാ സെന്റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പൽ ജി. ഇന്ദുലാല്‍, കോഴിക്കോട് എന്‍ഐടിയിലെ അസോസിയേറ്റ് പ്രഫസര്‍ സുനില്‍ മാത്യു, യുഎഇ അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ. അയ്മാന്‍ ബഡാവി എന്നിവര്‍ പ്രഭാഷണം നടത്തും.
ദേശീയ അന്തര്ദേശീയതലങ്ങളില്നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറോളംപേർ സമ്മേളനത്തിന്റെ ഭാഗമാകുന്നുണ്ട്. സമ്മേളനത്തില്‍ മുപ്പതോളം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നാളെ സമാപിക്കും.