അടിയന്തരാവസ്ഥതടവുകാരുടെ ഒത്തുചേരൽ ആവേശമായി
1458691
Thursday, October 3, 2024 6:40 AM IST
കൊടുങ്ങല്ലൂർ: ജോയോർമയിൽ പഴയകാലപ്രവർത്തകരുടെ ഒത്തുചേരൽ ആവേശമായി.
അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെടുകയും ഒളിവിൽപോവുകയും ക്രൂരമർദനത്തിനു വിധേയരാവുകയും ചെയ്ത സിപിഐ-എംഎൽ പ്രവർത്തകരാണ് ഇന്നലെനടന്ന ടി.എൻ. ജോയ് അനുസ്മരണസമ്മേളനത്തിൽ ഒത്തുചേർന്നത്.
എഴുപതുകളുടെ തുടക്കംമുതൽ പ്രസ്ഥാനത്തെ പുനഃസംഘടിപ്പിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നത് ടി.എൻ. ജോയ് ആയിരുന്നു. ജോയിയുടെ ആറാം ഓർമദിനത്തിലാണ് ജയിൽപ്പക്ഷികളുടെ ഒത്തുചേരൽ എന്നപേരിൽ പഴയകാല പ്രവർത്തകരുടെ സംഗമം നടന്നത്.
ഗ്രോ വാസു, കെ.എൻ. രാമചന്ദ്രൻ തുടങ്ങി വിവിധ തലമുറകളിലെ പ്രവർത്തകരായ നൂറോളംപേർ പരിപാടിയിൽ ഒത്തുചേർന്നു. സംഗമത്തിൽ പി.സി. ഉണ്ണിച്ചെക്കൻ മോഡറേറ്ററായി. പി.കെ. സദാനന്ദൻ സ്വാഗതം പറഞ്ഞു.
വൈകീട്ടുനടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത് അടിയന്തരാവസ്ഥമുതൽ അയോധ്യ മന്ദിർ വരെ എന്ന വിഷയത്തിൽ ബി. രാജീവൻ പ്രഭാഷണം നടത്തി. ഡോ. മൈത്രി വിവർത്തനംചെയ്ത ടി.എൻ. ജോയ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച "ഹിന്ദുത്വനേതാക്കളും കത്തെഴുത്തിന്റെ രാഷ്ട്രീയവും' എന്ന പുസ്തകം ബി. രാജീവൻ കെ.എൻ. രാമചന്ദ്രനു നൽകി പ്രകാശനംചെയ്തു.
തുടർന്ന് ഗ്രോ വാസു, സുലോചന വയനാട്, മുരളി കണ്ണമ്പള്ളി, പി. സി. ഉണ്ണിച്ചെക്കൻ എന്നിവർ പ്രസംഗിച്ചു. ടി.എൻ. ജോയ് ഫൗണ്ടേഷൻ സെക്രട്ടറി കെ.എം. ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രേരണ മുഹമ്മദ് സ്വാഗതവും പി.കെ. സദാനന്ദൻ നന്ദിയും പറഞ്ഞു.