റെയിൽവേ സ്റ്റേഷനിൽ രണ്ട് യാത്രക്കാരുടെ മാല കവർന്നു
1458057
Tuesday, October 1, 2024 7:22 AM IST
ഗുരുവായൂർ: റെയിൽവേ സ്റ്റേഷനിൽ പുലർച്ചെയുള്ള ട്രെയിനിൽ യാത്രചെയ്യാനെത്തിയ രണ്ടു സ്ത്രീകളുടെ മാല കവർന്നു. ക്ഷേത്രദർശനംകഴിഞ്ഞ് മടങ്ങുകയായിരുന്ന കരുനാഗപ്പള്ളി സ്വദേശിനി ലക്ഷ്മി(60)യുടെ രണ്ടുപവനാണ് കവർന്നത്. മൂന്നാം പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ നടന്നുവന്നയാൾ മാല കവർന്ന് രക്ഷപ്പെട്ടു.
ആറന്മുള സ്വദേശി രേഖ നായരുടെ(62) മൂന്നുപവൻ മാലയും ലോക്കറ്റുമാണ് കവർന്നത്. ഫുട് ഓവർ ബ്രിഡ്ജിനു സമീപംവച്ചാണ് രേഖ നായരുടെ മാല കവർന്നത്. ഇവരുടെ മാലപൊട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റെയിൽവേ ജീവനക്കാർ മോഷ്ടാവിനെ പിടിച്ചെങ്കിലും ജീവനക്കാരെ തള്ളിമാറ്റി അടുത്തുള്ള പറമ്പിലൂടെ തിരുവെങ്കിടം ഭാഗത്തേക്കു രക്ഷപ്പെട്ടു.
തിരുവെങ്കിടം ഫ്രണ്ട്സ് റോഡിൽ ആളില്ലാത്ത വീട്ടിൽ മോഷണശ്രമവും നടന്നിട്ടുണ്ട്. ദേവസ്വം റിട്ട. ജീവനക്കാരന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടിനുള്ളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മൂന്നാഴ്ച മുമ്പ് റെയിൽവേ മൂന്നാം പ്ലാറ്റ്ഫോമിൽനിന്ന് യാത്രക്കാരിയുടെ മാല കവർന്നിരുന്നു. റെയിൽവേ സസ്റ്റേഷനിലെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിനും യാത്രക്കാർക്കു സുരക്ഷ ഒരുക്കുന്നതിനും നടപടിയെടുക്കണമെന്ന് വാർഡ് കൗൺസിലർ വി.കെ. സുജിത്ത് ആവശ്യപ്പെട്ടു.