ഇന്നുമുതൽ ബസ് സമരം
1454520
Friday, September 20, 2024 1:55 AM IST
തൃശൂർ: കൊടുങ്ങല്ലൂർ- ഇരിങ്ങാലക്കുട- തൃശൂർ റൂട്ടിലെ കോണ്ക്രീറ്റ് പണിയുടെ പേരിൽ റോഡുകൾ ഏകപക്ഷീയമായി അടച്ചുകെട്ടിയതിൽ പ്രതിഷേധിച്ച് ബസുടമ- തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ ബസുകളും സർവീസ് നിർത്തിവയ്ക്കും. ഊരകം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ റോഡ് കോണ്ക്രീറ്റ് പണി നടക്കുന്നതിനാൽ വഴിതിരിഞ്ഞാണു സർവീസ്. കഴിഞ്ഞദിവസം മുതൽ വെള്ളാങ്കല്ലൂർ പ്രദേശത്തും റോഡുകൾ അടച്ചുകെട്ടി.
ബസുകൾ വഴിതിരിച്ചുവിടുന്നതിനാൽ ഡീസൽചെലവും ബസുകളുടെ മെയിന്റനൻസും വർധിച്ചു. ടയറുകൾ പൊട്ടുന്നതും പതിവാണ്. നിശ്ചിതസമയത്തിനുള്ളിൽ ഓടിയെത്താൻ ബസുകൾക്കു കഴിയുന്നില്ലെന്നും ഇന്നുമുതൽ അനിശ്ചിതകാലത്തേക്കു സർവീസ് നിർത്തിവയ്ക്കുമെന്നും ബസുടമസ്ഥ സംഘടനാപ്രതിനിധികൾ അറിയിച്ചു. ട്രേഡ് യൂണിയൻ സംഘടനകളും സമരത്തെ പിന്തുണയ്ക്കുമെന്നും ഇവർ പറഞ്ഞു.
വിവിധ സംഘടനാനേതാക്കളായ എം.എസ്. പ്രേംകുമാർ, വി.എസ്. പ്രദീപ്, കെ.വി. ഹരിദാസ്, എ.സി. കൃഷ്ണൻ, കെ.പി. സണ്ണി, എ.ആർ. ബാബു, കെ.കെ. ഹരിദാസ്, കെ. ഹരീഷ്, സെബി വർഗീസ്, സുഗതൻ കല്ലിങ്ങപ്പുറം എന്നിവർ പങ്കെടുത്തു.