ഒന്നൊന്നര പുലിയായി പ്രജോഷ്
1454258
Thursday, September 19, 2024 1:42 AM IST
തൃശൂർ: പൂങ്കുന്നത്തുകൂടി ഓട്ടോയിൽ പോയ പ്രജോഷിനെത്തേടി ഒരു ഫോൺവിളിയെത്തി- പുലിയാകാൻവേണ്ടി. പിന്നെ മറ്റൊന്നും നോക്കിയില്ല. സൂര്യൻ കിഴക്കുദിക്കും മുന്പേ പൂങ്കുന്നം സീതാറാംമിൽ ദേശത്തിന്റെ പുലിമടയിലെത്തിയ നടത്തറ സ്വദേശി പ്രജോഷ് പുറത്തിറങ്ങിയത് ആരുമൊന്നു നോക്കിപ്പോകുന്ന ഒരു ഒന്നൊന്നര പുലിയായിട്ടാണ്.
പുലിയാരവംകേട്ടുവളർന്ന പ്രജോഷിന് പുലിയാകണമെന്ന ആഗ്രഹംതുടങ്ങിയിട്ട് നാളുകളേറെയായി. കൂട്ടുകാരും ഇതേകാര്യം പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് പുലിക്കളിക്കായി ഇറങ്ങാൻ ഭാഗ്യംലഭിച്ചതെന്ന് അദ്ദേഹംപറഞ്ഞു. മീൻ കച്ചവടക്കാരനായ ഈ 34കാരന് 145 കിലോയാണ് ഭാരം. തടിയും അതിനൊത്ത വയറുമായി പുള്ളിപ്പുലിയുടെ രൗദ്രഭാവം ആവാഹിച്ചാണ് പുറത്തിറങ്ങിയത്. ദേശത്തിന്റെ വലിയ പുലികളിൽ ഒരു പുലികൂടിയായിരുന്നു പ്രജോഷ്.