തോന്നല്ലൂർ പുതുമന ശ്രീജിത്തിന് ലഭിച്ചത് അസുലഭ ഭാഗ്യം
1454250
Thursday, September 19, 2024 1:42 AM IST
എരുമപ്പെട്ടി: എട്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം ഗുരുവായൂരപ്പനെ സേവിക്കുവാൻ അസുലഭഭാഗ്യം ലഭിച്ച നിർവൃതിയിലാണ് ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട തോന്നല്ലൂർ പുതുമന ശ്രീജിത്ത് നമ്പൂതിരി.
ഇതോടൊപ്പം തികഞ്ഞ സന്തോഷത്തിലാണ് കുടുംബവും നാട്ടുകാരും. നറുക്കെടുപ്പ് കഴിഞ്ഞ് മേൽശാന്തിയായി പ്രഖ്യാപിച്ചതിന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് സ്വവസതിയിലെത്തിയ ശ്രീജിത്ത് നമ്പൂതിരിയെ കുടുംബാഗംങ്ങളും ബന്ധുക്കളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു.
വല്യച്ചൻ പുതുമന കിരാതമൂർത്തി അദ്ദേഹത്തെ പൊന്നാട അണിയിച്ച് അനുഗ്രഹിച്ചു. തുടർന്ന് ശ്രീജിത്ത് നമ്പൂതിരി മാതാപിതാക്കളുടേയും തറവാട്ടിലെ മുതിർന്നവരുടേയും കാൽക്കൽ പ്രണമിച്ച് അനുഗ്രഹം നേടി. വാക്കുകൾക്കപ്പുറമുള്ള ആനന്ദത്തിലാണ് താനെന്ന് ശ്രീജിത്ത് നമ്പൂതിരി പറഞ്ഞു.
തോന്നല്ലൂർ പുതുമന പരമേശ്വരൻ നമ്പൂതിരിയുടേയും ആലമ്പിള്ളി സാവിത്രി അന്തർജനത്തിന്റേയും രണ്ട് മക്കളിൽ മൂത്തമകനാണ് 36 കാരനായ ശ്രീജിത്ത് നമ്പൂതിരി.
ബികോം ബിരുദധാരിയായ ശ്രീജിത്ത് നമ്പൂതിരി 20 വയസുള്ളപ്പോഴാണ് മേൽശാന്തിയായി വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സേവനം ആരംഭിച്ചത്. 16 വർഷമായി ഈ ക്ഷേത്രത്തിൽ മേൽശാന്തിയായി തുടരുകയാണ്.
ഇതിനിടയിൽ എട്ട് വർഷം തുടർച്ചയായി ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തി നിയമനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എട്ടാം തവണയാണ് കണ്ണനെ പരിചരിക്കുവാനുള്ള നിയോഗത്തിന് അവസരം ലഭിച്ചത്. മുത്തച്ഛൻ ശിവദാസൻ നമ്പൂതിരിയിൽ നിന്നാണ് പൂജാ കർമങ്ങളിലെ ബാലപാഠങ്ങൾ അഭ്യസിച്ചത്. തുടർന്ന് ഗുരുവായൂർ പൊട്ടക്കുഴി നാരായണൻ നമ്പൂതിരിയിൽ നിന്നും പഴയങ്ങാട്ട് സുമേഷ് നമ്പൂതിരി എന്നിവർക്കു കീഴിലും ശാന്തി അഭ്യസിച്ചു. ഇതിനിടയിൽ യോഗക്ഷേമം ബ്രാഞ്ച് മാനേജരായി ജോലി ചെയ്തിട്ടുണ്ട്.
പുതുരുത്തി കിണറ്റാമിറ്റംമന കൃഷ്ണശ്രീയാണ് ഭാര്യ. എരുമപ്പെട്ടി ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ആരാധ്യ, രണ്ട് വയസുകാരൻ ഋഗ്വേദ് മക്കളാണ്.
മേൽശാന്തിയായി ചുമതലയേറ്റ് ഗുരുവായൂർ ക്ഷേത്രത്തിൽ 12 ദിവസം ഭജനയിരിക്കുന്നതിനായി ശ്രീജിത്ത് നമ്പൂതിരി വീട്ടിൽനിന്നു പുറപ്പെട്ടു.