ഇന്നിറങ്ങും പുലികൾ
1453981
Wednesday, September 18, 2024 1:28 AM IST
സ്വന്തം ലേഖകൻ
തൃശൂർ: നഗരവീഥികൾ കീഴടക്കി തൃശൂരിന്റെ പുലിക്കൂട്ടം ഇന്നിറങ്ങും. പെണ്‍പുലികളും കുട്ടിപ്പുലികളും ഇരുട്ടിലും തിളങ്ങുന്ന എൽഇഡി പുലികളും അരമണികിലുക്കി പുലിത്താളം ആവാഹിക്കും. പതിവുപോലെ വരയൻപുലികളും വയറൻപുലികളും കരിന്പുലികളും നഗരം കൈയടക്കുന്പോൾ വിയ്യൂർ ദേശത്തിന്റെ മാന്തുംപുലികളും വ്യത്യസ്തതയാകും. പുലിവേഷത്തിനുയോജിച്ച രീതിയിൽ വ്യത്യസ്തനിറങ്ങളിലുള്ള കൈകാലുറകളിലാണു പുലിനഖങ്ങൾ പിടിപ്പിച്ചിരിക്കുന്നത്.
പുലിനിറം, മുഖംമൂടി, മുടിക്കെട്ട്, വരകൾ എന്നിവയിലെല്ലാം പുത്തൻകാഴ്ചകളാണു പുലിപ്രേമികളെ വിസ്മയിപ്പിക്കുക. വൈകീട്ട് അഞ്ചിന് സ്വരാജ് റൗണ്ടിൽ നായ്ക്കനാൽ ജംഗ്ഷനിൽ പാട്ടുരായ്ക്കൽ ദേശം സംഘത്തെ മേയർ എം.കെ. വർഗീസ് ഫ്ലാഗ്ഓഫ് ചെയ്ത് ഈ വർഷത്തെ പുലിക്കളി മഹോത്സവത്തിനു തുടക്കംകുറിക്കും.
ഏഴു സംഘങ്ങളാണ് ഇറങ്ങുക. ബിനി ജംഗ്ഷൻവഴി യുവജനസംഘം വിയ്യൂർ, വിയ്യൂർ ദേശം പുലിക്കളി സംഘം എന്നിവ റൗണ്ടിൽ പ്രവേശിക്കും.
സീതാറാം മിൽ ലെയ്ൻ സംഘം പൂങ്കുന്നംവഴി ശങ്കരയ്യ ജംഗ്ഷനിലെത്തി എംജി റോഡിലൂടെ നടുവിലാലിലേക്കു കയറും. ശങ്കരംകുളംങ്ങര, കാനാട്ടുകര സംഘങ്ങൾ പടിഞ്ഞാറെ കോട്ടയിലൂടെയും ചക്കാമുക്ക് പുലികൾ കോട്ടപ്പുറം വഴിയും എംജി റോഡിലെത്തി നായ്ക്കനാലിലൂടെ റൗണ്ടിലേക്കു പ്രവേശിക്കും.
ഒരോ പുലിസംഘത്തിനൊപ്പവും 35 മുതൽ 51 വീതം പുലികളും ഒരു ടാബ്ലോയും പുലിവണ്ടിയും ഉണ്ടാകും.