നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം ഇടിച്ചുകയറി അപകടം
1453973
Wednesday, September 18, 2024 1:28 AM IST
ഏനാമാവ്: കടവിൽ സ്റ്റീൽ പാലത്തിന് സമീപം കടയിലേക്ക് പിക്കപ്പ് വാഹനം ഇടിച്ചു കയറി അപകടം. ഏനാമാവ് സ്വദേശി ടി.ഐ സുരേഷിന്റെ ഉടമസ്ഥതയിലുള്ള "കടവിലെ കട' എന്ന വ്യാപാര സ്ഥാപനത്തിലേക്കാണ് പിക്കപ്പ് വാഹനം ഇടിച്ചു കയറിയത്. സമീപത്തെ രണ്ട് ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്.
പാവറട്ടി ഭാഗത്തുനിന്നും കാഞ്ഞാണി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആർക്കും പരിക്കില്ല.
കടയുടെ മുൻവശം പൂർണമായി തകർന്നു. എൺപതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. വൈദ്യുതി പോസ്റ്റുകൾ തകർന്നതിനെ തുടർന്ന് സമീപപ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായി നിലച്ചു.