മണലൂർ സഹകരണ ആശുപത്രിക്ക് നേരെ ആക്രമണം; കേസെടുത്തു
1453970
Wednesday, September 18, 2024 1:28 AM IST
കാഞ്ഞാണി: മണലൂർ സഹകരണ ആശുപത്രിയിൽ രോഗിയുമായി എത്തിയവർ ആക്രമണം നടത്തിയതായി പരാതി. കഴിഞ്ഞദിവസം വൈകീട്ട് ആറോടെയാണ് സംഭവം.
ഏനാമാക്കൽ പ്രദേശത്തുനിന്ന് എലിവിഷം കഴിച്ച യുവാവിനെ ഏതാനുംപേർ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. വിഷം കഴിച്ചവരെ ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലെന്നു ഇവരെ അറിയിച്ചിരുന്നു. ഡ്യൂട്ടി ഡോക്ടർ കാഞ്ഞാണിയിൽ ഗതാഗതക്കുരുക്കിൽ പെട്ടിരിക്കുകയാണെന്നും രോഗിയെ എത്രയുംവേഗം അടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ആശുപത്രി അധികൃതർ രോഗിയുടെകൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു.
എന്നാൽ ഇതൊന്നും ചെവിക്കൊള്ളാതെ ഇവർ ആശുപത്രിയിൽ അതിക്രമിച്ചു കയറുകയായിരുന്നത്രേ. രോഗികൾക്കുള്ള ട്രോളി പുറത്തേക്ക് കൊണ്ടുവന്ന് ഇവർ യുവാവിനെ അതിൽ കിടത്തി ആശുപത്രിയുടെ ഉള്ളിലേക്ക് മാറ്റി. ഡോക്ടറില്ലെന്ന് വീണ്ടും പറഞ്ഞതോടെ ഇവർ ബഹളം വയ്ക്കുകയും ആശുപത്രിയിലെ ഉപകരണങ്ങളും മറ്റും നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആശുപത്രി ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ആശുപത്രി ഓണററി മാനേജർ പി.എ. രമേശനും, ഭരണസമിതി പ്രസിഡന്റ് പി.കെ. ഭാസ്ക്കരനും പറഞ്ഞു.
വിവരമറിയിച്ചതിനെ അന്തിക്കാട് പോലീസ് എത്തി പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുത്തു. കുറ്റവാളികൾക്കെതിരെ കർശന നടപടികൾ വേണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.