നാളെ പുലികളിറങ്ങും; ഇത്തവണ മാന്തുംപുലികൾ!
1453787
Tuesday, September 17, 2024 1:51 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഓണസദ്യയുണ്ടുറങ്ങിയ തൃശൂർ നഗരം ഉണർന്നപ്പോൾ പുലിഗർജനത്തിനു കാതോർക്കുന്നു, ആവേശത്തിരയിളക്കുന്ന പുലിത്താളത്തിലേക്കു വഴിമാറി പുലിമടകൾ. അരമണി കിലുക്കിയെത്തുന്ന പുലിക്കൂട്ടങ്ങൾ വീഥികൾ കൈയടക്കാൻ ഇനി ഒരുനാൾ മാത്രം. നാളെയാണ് തൃശൂരിന്റെ സ്വന്തം പുലിക്കളി.
പതിവുപോലെ വരയൻപുലികളും വയറൻപുലികളും കരിന്പുലികളും നഗരവീഥികൾ കൈയടക്കുന്പോൾ ഇത്തവണ പുലിഗർജനത്തോടൊപ്പം വിയ്യൂർ ദേശം അവതരിപ്പിക്കുന്നത് പുലിനഖമണിഞ്ഞ മാന്തുംപുലികളെ. പുലികൾ ഇരപിടിക്കുന്പോൾ മാത്രം കൈകാലുകളിൽനിന്നു പുറത്തുവരുന്ന പുലിനഖമാണ് ഇത്തവണത്തെ വെറൈറ്റി. ഇതിനായി പുലിവേഷത്തിനുയോജിച്ച രീതിയിൽ വ്യത്യസ്ത നിറങ്ങളിലുള്ള പ്രത്യേകം കൈകാൽ ഉറകളിലാണു പുലിനഖങ്ങൾ പിടിപ്പിച്ചിരിക്കുന്നത്.
ഇതോടൊപ്പം വിവിധ ദേശങ്ങളിൽനിന്നെത്തുന്ന പെൺപുലികളും കുട്ടിപ്പുലികളും എൽഇഡി പുലികളും കൗതുകക്കാഴ്ചകളാകും. പുലിനിറം, മുഖംമൂടി, മുടിക്കെട്ട്, വരകൾ എന്നിവയിലെല്ലാം പുത്തൻകാഴ്ചകളാണു പുലിപ്രേമികളെ വിസ്മയിപ്പിക്കുക.
യുവജനസംഘം വിയ്യൂർ പുലിക്കളിസംഘം കോലോത്തുപാടം വഴി ബിനി ഹെറിറ്റേജിനു സമീപത്തുകൂടെ സ്വരാജ് റൗണ്ടിലെത്തുന്പോൾ വൈകീട്ട് നാലോടെ പുലിക്കളി ഫ്ലാഗ് ഓഫ് മേയർ എം.കെ. വർഗീസ് നിർവഹിക്കും. പിന്നാലെ വിയ്യൂർ ദേശം പുലികളും ഇതേവഴിയിലൂടെ പ്രവേശിക്കും. പാട്ടുരായ്ക്കൽ സംഘം ഷൊർണൂർ റോഡുവഴി നായ്ക്കനാലിലൂടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും.
സീതാറാം മിൽ ലെയ്ൻ സംഘം പൂങ്കുന്നംവഴി ശങ്കരയ്യ ജംഗ്ഷനിലെത്തി എംജി റോഡിലൂടെ നടുവിലാലിലേക്കു കയറും. ശങ്കരംകുളംങ്ങര, കാനാട്ടുകര സംഘങ്ങൾ പടിഞ്ഞാറെ കോട്ടയിലൂടെയും ചക്കാമുക്ക് പുലികൾ കോട്ടപ്പുറം വഴിയും എംജി റോഡിലെത്തി നായ്ക്കനാലിലൂടെ റൗണ്ടിലേക്കു പ്രവേശിക്കും. ഒരോ പുലിസംഘത്തിനൊപ്പവും 35 മുതൽ 51 വീതം പുലികളും ഒരു ടാബ്ലോയും ഒരു പുലിവണ്ടിയും ഉണ്ടാകും.