ഓണാഘോഷം; ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി
1453530
Sunday, September 15, 2024 5:34 AM IST
തൃശൂർ: ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്നതിനാൽ കേരളാ മാരിടൈം ബോർഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി.
ടൂറിസ്റ്റ് ബോട്ടുകളിൽ ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായത്ര ആളുകൾമാത്രമേ കയറുന്നുള്ളൂവെന്ന് ഉറപ്പാക്കേണ്ടതും ബോട്ടുടമയുടെയും ബോട്ട് ഡ്രൈവറുടെയും കടമയാണ്. നിയമപ്രകാരം യാത്രക്കാർ ലൈഫ് സേവിംഗ് ജാക്കറ്റ് ധരിക്കേണ്ട യാനങ്ങളിൽ അതുറപ്പാക്കേണ്ടതു ബോട്ട് ഡ്രൈവറുടെ കടമയാണ്.
രജിസ്ട്രേഷൻ/സർവേ ഇല്ലാതെ സർവീസ് നടത്തിയാൽ അവ പിടിച്ചെടുത്തു നശിപ്പിക്കുന്ന നടപടികൾ അടക്കമുള്ള കർശനനടപടികൾ സ്വീകരിക്കും. അംഗീകൃത ലൈസൻസ് ഇല്ലാതെ ബോട്ടുകൾ ഓടിച്ചാൽ ഓടിക്കുന്ന ആൾക്കും ബോട്ടുടമയ്ക്കും എതിരേ കർശനനിയമനടപടികൾ സ്വീകരിക്കും. വിനോദസഞ്ചാരത്തിനായി വരുന്നവർ യാത്രചെയ്യുന്ന യാനം അംഗീകൃതമാണോയെന്നു സർട്ടിഫിക്കറ്റ് നോക്കി മനസിലാക്കേണ്ടതാണ്.