കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിൽ കാഴ്ചക്കുലസമർപ്പണം നടന്നു
1453523
Sunday, September 15, 2024 5:34 AM IST
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്കുശേഷം പുത്തരിയോടനുബന്ധിച്ച് അരിയളക്കൽചടങ്ങ് കാലത്ത് 7.30 ന് ക്ഷേത്രം കലവറയ്ക്ക് സമീപം ക്ഷേത്രം പാട്ടമാളി പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ നടന്നു.
ഇന്നലെ എട്ടു മണിക്ക് തൃപ്രയാർ അനിയൻ മാരാരുടെ പ്രമാണത്തിലുള്ള ഉത്രാട പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ വടക്കേനടയിൽ ദീപസ്തംഭത്തിനുസമീപം കാഴ്ചക്കുലസമർപ്പണം നടന്നു.
പുത്തിരി നിവേദ്യം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് മേൽശാന്തി പാച്ചാംമ്പിള്ളി രാമൻ നമ്പൂതിരി പ്രത്യേകം പൂജകൾ നടത്തി ഭഗവതിക്ക് നിവേദിച്ചു. നിവേദിച്ച പുത്തരി പായസം ഭക്ത ജനങ്ങൾക്ക് വിതരണം ചെയ്തു. 11 ന്് വിഭവസമൃദ്ധമായ ഉത്രാടസദ്യ ആരംഭിച്ചു. 2000 ത്തിലധികം പേർ പ്രസാദൂട്ടിൽ പങ്കാളികളായി.
കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത്, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, അസിസ്റ്റന്റ്് കമ്മീഷണർ എം.ആർ. മിനി, ദേവസ്വം മാനേജർ കെ. വിനോദ്, സത്യധർമൻ അടികൾ, കോവിലകം പ്രതിനിധി, ഉപദേശക സമിതി സെക്രട്ടറി എ.വിജയൻ, ട്രഷറർ കെ.വി. മുരളി എന്നിവർ നേതൃത്വം നൽകി.തിരുവോണദിവസം രാവിലെ 10.30നും അവിട്ടം ചതയം നാളുകളിൽ രാവിലെ 11.00ന് ക്ഷേത്രനട അടയ്ക്കുന്നതാണ്. അന്നേ ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ ഭക്തർക്ക് ദർശന സൗകര്യം ഉണ്ടായിരിക്കും.