കൊന്പൊടിഞ്ഞാമാക്കല് ജംഗ്ഷന് വികസനം: സാധ്യതാപഠനം ആരംഭിക്കുമെന്നു മന്ത്രി
1453150
Saturday, September 14, 2024 1:43 AM IST
ആളൂര്‍: ആളൂര്‍ ഗ്രാമപഞ്ചായത്തിലെ കൊന്പൊടിഞ്ഞാമാക്കല് ജംഗ്ഷന് വികസിപ്പിക്കുന്നതിനുള്ള സാധ്യതപഠനം ഈ മാസംതന്നെ ആരംഭിച്ച് ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ജംഗ്ഷന് വികസനത്തിനായുള്ള പ്രാഥമിക ആലോചനായോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ആര്. ബിന്ദു.
കൊന്പൊടിഞ്ഞാമാക്കല് ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട് 2024- 25 ബജറ്റില്‍ ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നല്കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് സാധ്യതാപഠനത്തിനായി 1,20,000 രൂപ പൊതുമരാമത്തു വകുപ്പ് അനുവദിച്ചിരിക്കുന്നത്. സാധ്യതാപഠനമുള്പ്പടെ സങ്കീര്‍ണമായ നിരവധി പ്രക്രിയകള്‍ ഇതിനു മുന്നോടിയായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.
സാധ്യതാപഠനത്തിനുശേഷം ഭൂവുടമകള്‍, കച്ചവടക്കാര്‍, തുടങ്ങി ഏവരെയും ഉള്‍പ്പെടുത്തി വിപുലമായ യോഗം ചേരും. ആ ചര്‍ച്ചയില്‍ വരുന്ന ജനകീയാവശ്യങ്ങള്കൂടി പരിഗണിച്ചായിരിക്കും ജംഗ്ഷന് വികസിപ്പിക്കുന്നത് ആലോചിക്കുക. ഇങ്ങനെ സമാഹരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതി രൂപകല്പന ചെയ്ത് പദ്ധതിക്കാവശ്യമായ തുക ലഭ്യമാക്കും: മന്ത്രി പറഞ്ഞു. വികസനപരിശ്രമത്തില് എല്ലാ വിഭാഗം ജനങ്ങളും കൂടെയുണ്ടാകണമെന്ന് മന്ത്രി ഡോ. ബിന്ദു അഭ്യര്‍ഥിച്ചു.
ആളൂരില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, വൈസ് പ്രസിഡന്റ് രതി സുരേഷ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്് പി.കെ. ഡേവിസ് മാസ്റ്റര്‍, മാള ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്് സന്ധ്യ നൈസണ്‍, പഞ്ചായത്ത് അംഗങ്ങളായ യു.കെ. പ്രഭാകരന്, ഷൈനി തിലകന്, രേഖ സന്തോഷ്, മിനി പോളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജുമൈല ഷഗീര്‍, ആളൂര്‍ ഗ്രാമ പ്പഞ്ചായത്ത് സെകട്ടറി, വിവിധ സര്‍ക്കാര്‍ വകുപ്പ് തല പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.