പ്രീത വീടിന്റെ താക്കോൽ ഏറ്റുവാങ്ങി; കാണാൻ ഭർത്താവും മകളുമില്ല
1451221
Saturday, September 7, 2024 1:37 AM IST
പുന്നയൂർക്കുളം: അകാലത്തിൽ ഭർത്താവും മകളും നഷ്ടപ്പെട്ട കുടുംബിനിക്ക് സേവാഭാരതി നവീകരിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.
ഉപ്പുങ്ങൽ പുതുപറമ്പിൽ പരേതനായ ബാബുരാജിന്റെ ഭാര്യ പ്രീതക്കാണ് ഏഴരലക്ഷം രൂപ ചെലവിൽ വീട് നിർമിച്ചുനൽകിയത്. പുന്നയൂർക്കുളം പഞ്ചായത്ത് ഭവനനിർമാണപദ്ധതിയിൽ വീടുനിർമാണത്തിനായി ഗഡുകളായി ഒരുലക്ഷത്തിലേറെരൂപ നൽകിയിരുന്നു. തുടർന്ന് പണം ലഭിക്കാതെ വീടുപണി നിലച്ചു. ഇതിനിടയിലാണ് ഭർത്താവും മൂത്തമകൾ കാർത്തികയും മരിച്ചത്. വീടെന്ന സ്വപ്നം ബാക്കിവച്ച് ഇരുവരും യാത്രപറഞ്ഞപ്പോൾ പ്രീതയ്ക്കും വിദ്യാർഥികളായ മറ്റ് രണ്ട് പെൺമക്കൾക്കും വീടും ജീവിതവും വഴിമുട്ടി.
താക്കോൽദാന ചടങ്ങിൽ ബിജെപി ജില്ലാ ഉപാധ്യക്ഷൻ ദയാനന്ദൻ മാമ്പുള്ളി അധ്യക്ഷനായിരുന്നു. സേവാഭാരതി ഭാരവാഹികളായ സി.എസ്. രാജീവ്, പ്രജീഷ് കുമ്പിൽ, എം.എം. നിധിൻ, ടി.പി. ഉണ്ണി, കെ.എം. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
ഇതിനിടെ സേവാഭാരതി നടത്തിയതു രാഷ്ട്രീയപ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. പിഎംഎവൈ ഭവനപദ്ധതിയിൽ പഞ്ചായത്തിൽനിന്ന് 2016-17ൽ ഗഡുകളായി 1,17,000 രൂപ നൽകിയിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധി കാരണം തുടർന്ന് ഫണ്ട് നൽകാൻ കഴിഞ്ഞില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ, വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ കുടുംബനാഥനും മകളും മരിച്ച് വീടിന്റെ സ്ഥിതി ശോച്യാവസ്ഥയിലായതിനെ തുടർന്നാണ് സേവാഭാരതി വീട് നിർമാണം പൂർത്തികരിച്ചതെന്ന് സേവാഭാരതി ഭാരവാഹികൾ പറഞ്ഞു.