മിന്നൽപ്രളയം: പീച്ചി ഡാം തുറന്നതിൽ ഇറിഗേഷൻ ഉദ്യോഗസ്ഥർക്കു വീഴ്ച
1450944
Friday, September 6, 2024 1:46 AM IST
തൃശൂർ: ജില്ലയിൽ വൻനാശം വിതച്ച അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനു കാരണമായ, പീച്ചി ഡാം തുറക്കലിൽ ഇറിഗേഷൻ ഉദ്യോഗസ്ഥർക്കും, വൈദ്യുതോത്പാദനത്തിനു വെള്ളം ഉപയോഗിക്കാതെ കെഎസ്ഇബിക്കും ഗുരുതരവീഴ്ച പറ്റിയെന്നു സബ് കളക്ടറുടെ റിപ്പോർട്ട്.
ഡാമിന്റെ സംഭരണശേഷി വ്യക്തമാക്കുന്ന റൂൾകർവ് പിന്നിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടും ഡാം തുറന്നില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ജൂലൈ 26നുതന്നെ റൂൾകർവ് പ്രകാരമുള്ള വെള്ളത്തിൽകൂടുതൽ ഡാമിലുണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഇതായിരുന്നു അവസ്ഥ.
26നു വൈദ്യുതി ഉത്പാദിപ്പിക്കാൻ കെഎസ്ഇബിക്കു വെള്ളം തുറന്നുകൊടുത്തെങ്കിലും ജനറേറ്ററുകൾ കേടായതിനാൽ അതു നടന്നില്ല. ഇക്കാര്യം കെഎസ്ഇബിയോ ഇറിഗേഷൻ വകുപ്പോ ജില്ലാ കളക്ടറെ അറിയിച്ചിരുന്നില്ല.
ജുലൈ 29 ന് ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ അപേക്ഷയിൽ അനുമതി നല്കിയതിന്റെ അടിസ്ഥാനത്തിൽ വൈകീട്ട് അഞ്ചിനാണ് ഷട്ടറുകൾ ആറിഞ്ച് ഉയർത്തുന്നത്. ആറുമണിയോടെ 25 ഇഞ്ച് ഉയർത്താൻ അപേക്ഷ നല്കിയെങ്കിലും ഡിഡിഐ യോ തീരുമാനപ്രകാരം 12 ഇഞ്ച് തുറക്കാൻ കളക്ടർ അനുമതി നല്കി. തുടർന്ന് രാത്രി 8.30നു ഷട്ടറുകൾ 12 ഇഞ്ച് തുറന്നു. ഫോണിലൂടെ അപേക്ഷിച്ചപ്പോൾ ആറിഞ്ചും പിന്നീട് ഏഴിഞ്ചുമായി ഉയർത്താൻ അനുമതി നൽകിയപ്പോൾ മൊത്തം 25 ഇഞ്ച് തുറന്നിരുന്നതുമാണ്. എന്നാൽ, പിന്നീട് ഷട്ടറുകൾ 72 ഇഞ്ച് ഉയർത്തിയതു കളക്ടറുടെ അനുമതിയോടെയല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
15 മണിക്കൂറിനിടെ നാലു ഷട്ടറുകളും 72 ഇഞ്ച് വീതം തുറന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ തുറന്നത്. ഇതോടെ മണലിപ്പുഴയുടെ തീരത്തുള്ള ആയിരക്കണക്കിനു വീടുകളിൽ വെള്ളം കയറുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ വൻനാശം വിതച്ചതു ഡാം തുറന്നതിലെ വീഴ്ചമൂലമാണെന്ന് റിപ്പോർട്ടിലുണ്ട്. വെള്ളം നിയന്ത്രിക്കാൻ 26നു ഷട്ടറുകൾ തുറന്നു വെള്ളംവിട്ടിരുന്നെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ 72 ഇഞ്ചുവരെ തുറന്നുണ്ടായ പ്രളയം ഒഴിവാക്കാമായിരുന്നെന്ന് സബ് കളക്ടർ റിപ്പോർട്ടിൽ പ്രതിപാദിച്ചു.
കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയപ്പോഴാണ് റിപ്പോർട്ട് പുറത്തുവന്നത്.
പീച്ചിയിൽ ഇറിഗേഷൻ ഡിവിഷനിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ പദവികൾ ഒഴിഞ്ഞുകിടക്കുന്നതായി സബ് കളക്ടറുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. മണലിപ്പുഴയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പീച്ചി ഡാം കനാലുകളിലെ തടസങ്ങൾ നീക്കണമെന്നും നിലവിൽ പീച്ചി ഡാം തുറക്കുമ്പോൾ നല്കുന്ന മുന്നറിയിപ്പുകളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.