വിലച്ചൂടില്ല, സ്വദേശിയും കളത്തിൽ; മതിവരുവോളം പൂവിടാം
1450943
Friday, September 6, 2024 1:46 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വിലച്ചൂടിൽ കൈപൊള്ളാതെ ഇത്തവണ ഓണത്തിനു മതിവരുവോളം പൂവിടാം. മുൻവർഷത്തെക്കാൾ വില ഒട്ടുംകൂടിയിട്ടില്ലെന്നു മാത്രമല്ല, സ്വദേശിപ്പൂക്കളും വിപണിയിൽ ലഭ്യമാണ്. പതിവുവർഷത്തെ അപേക്ഷിച്ച് പൂക്കളുടെ വരവു വർധിച്ചതും ചുരുങ്ങിയ നിരക്കിൽ പൂ കിട്ടാൻ സഹായകരമായി.
ഇത്തവണയും കേരളത്തിനു പുറമേനിന്നാണ് കൂടുതൽ പൂക്കളും. ബംഗളൂരു, ദിണ്ഡിക്കൽ, ഹൊ സൂർ, കോയന്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് ലോഡുകൾ വരുന്നത്.
പൂക്കളത്തിൽ ഒഴിച്ചുകൂടാനാവാത്ത ചെണ്ടുമല്ലിക്ക് മൊത്തവിപണിയിൽ വില 50 മുതൽ 60 വരെയും ചില്ലറവിപണിയിൽ 100 മുതൽ 120 രൂപവരെയുമാണ് വില. സേലത്തുനിന്നാണ് ഇവ എത്തിക്കുന്നത്. ഇവയ്ക്കുപുറമേ റോസിനും ജമന്തിക്കും മൊത്തവിപണിയിൽ 280 രൂപയും ചില്ലറവിപണിയിൽ 380 മുതൽ 400 രൂപവരെയുമാണ് വില.
അരളിക്ക് 200 മുതൽ 300 രൂപവരെ, വാടാർമല്ലി 150, ആസ്ട്ര 280 എന്നിങ്ങനെയാണ് മൊത്തവില. ചില്ലറ വിപണിയിലും ഇവയ്ക്കു കാര്യമായ വില ഉയർന്നിട്ടില്ല. വാടാർമല്ലി 110, അരളി 300, ആസ്ട്ര 400.
പൂക്കളുടെ കിറ്റിലെ വിലയിൽമാത്രമാണ് വർധന. എന്നാൽ, കിറ്റിൽ പൂക്കൾ കൂടുതലാണെന്നു കച്ചവടക്കാർ വാദിക്കുന്നു. ഇത്തവണ 50 നുപകരം 100 രൂപയാണ് കിറ്റിനു വില.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ ഓണാഘോഷങ്ങൾ ഒഴിവാക്കിയെന്നു സർക്കാർ അവകാശപ്പെടുന്പോഴും അതൊന്നും പൂവിപണിയെ ബാധിച്ചിട്ടില്ല. ജനങ്ങൾ ആഘോഷത്തിൽതന്നെയാണെന്നും ഇതു പ്രതീക്ഷ നൽകുന്നതായും കച്ചവടക്കാർ പറഞ്ഞു.