ഭീഷണിയായ കെട്ടിടം പൊളിച്ചുമാറ്റല്‍ തുടങ്ങി
1444950
Thursday, August 15, 2024 1:17 AM IST
ഇരിങ്ങാലക്കുട: പട്ടണഹൃദയത്തില്‍ വയോധിക ദമ്പതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി നിലകൊള്ളുന്ന ജീര്‍ണിച്ച കെട്ടിടം പൊളിച്ചുമാറ്റാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുട സൗത്ത് ബസാര്‍ റോഡില്‍ തെക്കേക്കര വീട്ടില്‍ ആന്റണിയുടെ വീടിനോടു ചേര്‍ന്നുള്ള താമസമില്ലാത്ത ഓടിട്ട കെട്ടിമാണ് ഉടമസ്ഥന് കൊടയ്ക്കാടന്‍ ബാബുവിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കുന്നത്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന്റെ ഓടുകള്‍ ഇറക്കിമാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. പ്രവൃത്തികള്‍ വിലയിരുത്താന്‍ നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. വയോധിക ദമ്പതികളുടെ വര്‍ഷങ്ങള്‍നീണ്ട ഭീതികള്‍ക്കും പരാതികള്‍ക്കുമാണ് ഇതോടെ പരിഹാരമാകുന്നത്. ഇതു സംബന്ധിച്ച് റവന്യു വകുപ്പിനും നഗരസഭയ്ക്കും 2022ല്‍ പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും നടപടികളിലേക്ക് എത്തിയിരുന്നില്ല.
കെട്ടിടം പൊളിച്ചുനീക്കേണ്ടതാണെന്നു സ്ഥലം സന്ദര്‍ശിച്ച മന്ത്രിയും ആര്‍ടിഒയും വ്യക്തമാക്കിയിരുന്നു. ഇതിനിടയില്‍ നഗരസഭയില്‍ എന്‍ജിനീയറിംഗ് വിഭാഗം പരാതിക്കാരെയും കെട്ടിട ഉടമസ്ഥനെയും വിളിച്ചുനടത്തിയ ഹിയറിംഗില്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ ഉടമസ്ഥന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.