മൂര്‍ക്കനാട് ഇരട്ടക്കൊലപാതകം; മുഖ്യപ്രതികളായ സഹോദരങ്ങള്‍ അറസ്റ്റില്‍
1444935
Thursday, August 15, 2024 1:17 AM IST
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ക്ഷേത്രോത്സവത്തിനിടെ നടന്ന ഇരട്ടക്കൊലപാതകക്കേസിലെ സഹേദരങ്ങളായ മുഖ്യപ്രതികള്‍ അറസ്റ്റില്‍. മൂര്‍ക്കനാട് ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടില്‍ ഇച്ചാവ എന്ന വൈഷ്ണവ് (27), അപ്പു എന്ന ജിഷ്ണു (29) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എസ്ഐ കെ. അജിത്ത് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ രണ്ടിനായിരുന്നു പോലീസ് സംഘം പട്ടാമ്പിയിലെ ഒളിത്താവളം വളഞ്ഞു പിടികൂടിയത്. മുന്‍പ് കാട്ടൂരില്‍ പോലീസിന്റെ നൈറ്റ്പട്രോള്‍ സംഘത്തിനുനേരേ വാള് വീശി ഭീതിപരത്തിയവരാണ് ഇരുവരും. അതുകൊണ്ടുതന്നെ പോലീസ് സംഘം കരുതലോടെയാണ് എത്തിയത്. വാതിലില്‍ തട്ടിവിളിച്ചിട്ടും തുറക്കാതിരുന്ന ഇവര്‍ പിന്‍വാതില്‍ തുറന്നു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത് പോലീസിന്റെ കൈകളിലേക്കാണ്. കൊടുങ്ങല്ലൂര്‍, മതിലകം, കയ്പമംഗലം, ചാവക്കാട്, കാട്ടൂര്‍, പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളില്‍ ഇവര്‍ക്കു കേസുകളുണ്ട്.
കൊടുങ്ങല്ലൂര്‍ ഇന്‍സ്പെക്ടര്‍ ബി.കെ. അരുണ്‍, എസ്ഐ കെ. അജിത്ത്, പി. ജയകൃഷ്ണന്, കെ.ആര്. സുധാകരന്, ടി.ആര്. ഷൈന്‍, എഎസ്ഐ സൂരജ് വി. ദേവ്, സീനിയര്‍ സിപിഒമാരായ കെ.ജെ. ഷിന്റോ, സോണി സേവ്യര്‍, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്, ബിനുരാജ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.