കടലിൽകുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
1444683
Wednesday, August 14, 2024 1:10 AM IST
അഴീക്കോട്: മുനമ്പം ഫിഷ്ലാൻഡിംഗ് സെന്ററിൽനിന്ന് മത്സ്യബന്ധനത്തിനുപോയ എസ്എൽവി എന്ന ഇൻബോഡ് വള്ളത്തിന്റെ എൻജിന് നിലച്ചു കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
കടലില്‍ 15 നോട്ടിക്കല്‍ മൈല്‍ (30 കിലോമീറ്റർ) അകലെ അറപ്പക്കടവ് വടക്കുപടിഞ്ഞാറ് ഭാഗത്താണ് എൻജിൻ നിലച്ച് ബോട്ട് കുടുങ്ങിയത്. എറണാകുളം മട്ടാഞ്ചേരി സ്വദേശി സോമനാഥ പ്രഭു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. പള്ളിപ്പുറം സ്വദേശികളായ 39 മത്സ്യത്തൊഴിലാളികളാണു വള്ളത്തിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് വള്ളവും തൊഴിലാളികളും കടലിൽ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ്. പോളിന്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, റസ്ക്യൂ ഗാര്‍ഡുമാരായ സി.എൻ. പ്രമോദ്, ടി.എൻ. റഫീക്ക്, ബോട്ട് സ്രാങ്ക് ദേവസി മുനമ്പം, എൻജിൻ ഡ്രൈവർ റോക്കി എന്നിവർ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.