തിരുമുടിക്കുന്ന് ഹൈരാർക്കി റോഡിന് ശാപമോക്ഷം
1444163
Monday, August 12, 2024 1:42 AM IST
കൊരട്ടി: തിരുമുടിക്കുന്ന് ഹൈരാർക്കി റോഡ് വീതി കൂട്ടി നവീകരിക്കണമെന്ന വർഷങ്ങളായുള്ള പ്രദേശവാസികളുടെ മുറവിളിക്ക് ഒടുവിൽ പരിഹാരമാകുന്നു. കൊരട്ടി - നാലുകെട്ട് റോഡിനെ ബന്ധിപ്പിക്കുന്നതിനൊപ്പം തിരുമുടിക്കുന്ന് പള്ളി, പി.എസ്. ഹയർസെക്കൻഡറി സ്കൂൾ, എച്ച്.എം.എൽ.പി.സ്കൂൾ, ഗാന്ധിഗ്രാം ത്വക് രോഗാശുപത്രി, വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലേക്ക് പോകുവാൻ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയാണ് ഹൈരാർക്കി റോഡ്.
നിലവിലുള്ള റോഡ് എട്ടുമീറ്റർ വീതിയിലാക്കി ബിഎംബിസി നിലവാരത്തിലാക്കിയാണ് പുനർനിർമിക്കുന്നത്. 2.10 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം.
റോഡിന്റെ നിർമാണോദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി.ബിജു അധ്യക്ഷനായി. റോഡിന്റെ ഇരുവശങ്ങളിലുള്ള നൂറിലധികം വീട്ടുകാർ സൗജന്യമായി സ്ഥലം വിട്ടുനൽകി സ്വന്തം ചെലവിൽ മതിലുകൾ നിർമിച്ച് നാടിന്റെ വികസനത്തിനായി സഹകരിച്ചതിൽ എംഎൽഎ നന്ദി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ലീലാ സുബ്രമണ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വേണു കണ്ടരുമഠത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രവി, ഹൈരാർക്കി റോഡ് വികസന സമിതി രക്ഷാധികാരിയും തിരുമുടിക്കുന്ന് പള്ളി വികാരിയുമായ ഫാ. സെബാസ്റ്റ്യൻ മാടശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷൈനി ഷാജി, വാർഡ് മെമ്പറും റോഡ് വികസന സമിതി കൺവീനറുമായ ബിജോയ് പെരേപ്പാടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിജോ ജോസ്, കെ.ആർ. സുമേഷ്, പോൾസി ജിയോ, വർഗീസ് പയ്യപ്പിള്ളി, പിഡബ്ല്യുഡി. അസിസ്റ്റ എൻജിനീയർ അനു, വി.കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.