കുമ്മായം കിട്ടാനില്ല; കർഷകർ പ്രതിസന്ധിയിൽ
1444154
Monday, August 12, 2024 1:42 AM IST
മാള: കൃഷിവകുപ്പിൽ നിന്നും ആവശ്യമായ കുമ്മായം കിട്ടാത്തതിനെ തുടർന്ന് കർഷകർ പ്രതിസന്ധിയിലായി. പുത്തൻചിറ വില്യമംഗലം പാടശേഖരത്താണ് കൃഷി ഇറക്കാൻ കർഷകർ ബുദ്ധിമുട്ടുന്നത്.
ചിങ്ങം ഒന്നിന് വിത്തിടേണ്ട ഇവിടെ നിലവിൽ വരിനെല്ല് മുളച്ചു നിൽക്കുകയാണ്. ഇത് ട്രാക്ടർ ഉപയോഗിച്ച് ഉഴുതുകളയണം. പിന്നീട് വെള്ളം കെട്ടി നിർത്തി കുമ്മായം ഇടണം. എന്നാൽ അതിനാവശ്യമായ കുമ്മായം കൃഷിവകുപ്പിൽ നിന്നും ലഭിക്കുന്നില്ല ഫണ്ടില്ലാത്തതിനാൽ കുമ്മായം നൽകാൻ ആകുന്നില്ല എന്നാണ് അറിയിപ്പ്.
ഒരേക്കരിൽ 100 കിലോ കുമായം വീതമിട്ട് അട്ടശല്യം ഒഴിവാക്കേണ്ടതുണ്ട്. മുൻവർഷം 40 കിലോ വീതമാണ് അനുവദിച്ചത്.
വിവരങ്ങൾ കാണിച്ച് പാടശേഖര കമ്മിറ്റി ജില്ലാ കൃഷി ഓഫീസർക്ക് പരാതി കൊടുത്തിട്ടുണ്ടെന്ന് ഭാരവാഹികളായ സി. എസ് സുഭാഷ്, പി.സി. ബാബു, ലോഹിതാക്ഷൻ എന്നിവർ പറഞ്ഞു.