സംസ്ഥാനത്തു വർധിച്ചുവരുന്ന ആത്മഹത്യ: നടപടികൾ സ്വീകരിക്കാൻ ഡിജിപിക്കു മുഖ്യമന്ത്രിയുടെ നിർദേശം
1444012
Sunday, August 11, 2024 6:49 AM IST
തൃശൂർ: സംസ്ഥാനത്തു വർധിച്ചുവരുന്ന ആത്മഹത്യകൾ തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു ഡിജിപിക്കു നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി സെക്രട്ടറിയും പൊതുപ്രവർത്തകനുമായ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സംസ്ഥാനത്തെ 485 പോലീസ് സ്റ്റേഷനുകളിലെ 367 എണ്ണത്തിൽ നിന്നു മാത്രമായി സ്ത്രീകളും കുട്ടികളും അടക്കം 36,190 പേരാണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. മറ്റു സ്റ്റേഷനുകളിലെ റിപ്പോർട്ടുകൾകൂടി ലഭ്യമായാൽ എണ്ണം വീണ്ടും ഉയരും. ജില്ലയിൽ മാത്രം ഇക്കാലയളവിൽ ആത്മഹത്യചെയ്തത് 567 പേരാണ്.
ഇതിനെതുടർന്ന് സംസ്ഥാനത്ത് എന്തുകൊണ്ട് ആത്മഹത്യ തുടരുന്നുവെന്നും അതിനെക്കുറിച്ച് പഠനം നടത്തണമെന്നും ജനങ്ങളുടെ ഇടയിലെ ആത്മഹത്യാപ്രവണത കുറയ്ക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് പരാതി നൽകിയത്.
ആത്മഹത്യ കുറയ്ക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികൾ എടുത്തുവെന്നും ഇനി എന്തെല്ലാം നടപടികൾ കൈക്കൊള്ളണമെന്നുമുള്ള നിർദേശങ്ങൾ ലഭിക്കുന്നതിനു ഡിജിപി ജില്ലാ പോലീസ് മേധാവികൾക്കും പരാതി അയച്ചിട്ടുണ്ട്.
വർധിച്ചുവരുന്ന ആത്മഹത്യാപ്രവണത തടയുന്നതിനായി ആവശ്യമായ നടപടികളെക്കുറിച്ചു പഠിക്കുന്നതിനും വിദഗ്ധസമിതിയെ നിയോഗിക്കാൻവേണ്ടിയും അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് മനുഷ്യാവകാശ കമ്മീഷനു കൊടുത്ത പരാതി ഫയലിൽ സ്വീകരിക്കുകയും എതിർകക്ഷികൾക്കു നോട്ടീസ് അയയ്ക്കാൻ ഉത്തരവാകുകയും ചെയ്തിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട മൊഴിയെടുക്കുന്നതിനായി രേഖകൾ ക്രൈംബ്രാഞ്ചിനു സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം ലേഖകൻ