ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടയിടി
1443974
Sunday, August 11, 2024 6:25 AM IST
ചാലക്കുടി: പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനു സമീപം ലോറി നിയന്ത്രണംവിട്ടതിനെ ത്തുടർന്ന് വാഹനങ്ങളുടെ കൂട്ടയിടി. ഇന്നലെ 3.30നായിരുന്നു സംഭവം. തൃശൂർ - എറണാകുളം ദേശീയപാതയിൽ സുന്ദരിക്കവലയ്ക്കും സിഗ്നൽ ജംഗ്ഷനും ഇടയിലാണ് ഏഴു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഒരേ ദിശയിൽ പോയിരുന്ന വാഹനങ്ങളിലേക്കു പിറകിൽ വരികയായിരുന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറ്റു വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽനിന്നു മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. സിഗ്നൽ ജംഗ്ഷനിൽ അപകടങ്ങൾ നിത്യസംഭവമായി മാറുകയാണ്.
കഴിഞ്ഞ 29നു ടുവീലറും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവു മരിച്ചിരുന്നു. സിഗ്നൽ ശ്രദ്ധിക്കാതെ എത്തിയ ട്രാവലർ ഇടിച്ചായിരുന്നു അപകടം.
തുടർന്ന് സിഗ്നലിൽ പോലീസിനെ ഗതാഗതനിയന്ത്രണത്തിനായി നിർത്തുകയും കാമറ സ്ഥാപിക്കുകയും ചെയ്യണമെന്നും അല്ലെങ്കിൽ അടിപ്പാത വരുന്നതുവരെ കാത്തുനിൽക്കാതെ പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷൻ അടച്ചുകെട്ടി ബദൽ സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, നാളിതുവരെയായിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.