വെള്ളിക്കുളങ്ങര - മോനൊടി ട്രാംവേ റോഡ് വികസനം വൈകുന്നു
1443973
Sunday, August 11, 2024 6:25 AM IST
വെള്ളിക്കുളങ്ങര: വെള്ളിക്കുളങ്ങര സെന്ററില്‍നിന്ന് മോനൊടി റോഡിലെ ട്രാംവേ പാലം വരെയുള്ള റോഡിനു വീതിയില്ലാത്തതിനാല്‍ അപകടം പതിവാകുന്നതായി പരാതി.
യാത്ര സുഗമമാക്കാന്‍ റോഡിന് ഇരുവശത്തും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ച് വീതികൂട്ടണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഈയിടെ റോഡിന്റെ 100 മീറ്ററോളം വീതി വര്‍ധിപ്പിച്ചെങ്കിലും ട്രാംവേ പാലംവരെ പൂര്‍ണമായി വീതി കൂട്ടാത്തതിനാല്‍ സുഗമമായ ഗതാഗതം ഇതുവഴി സധ്യമാകുന്നില്ലെന്നാണു പരാതി.
ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന ചാലക്കുടി പറമ്പിക്കുളം കൊച്ചിന് ഫോറസ്റ്റ് ട്രാംവേയുടെ ബാക്കിപത്രമായ വെള്ളിക്കുളങ്ങര ട്രാംവേ റോഡിന്റെ ഇരുവശവും കരിങ്കല്‍കെട്ടി വീതിവര്ധിപ്പിക്കണമെന്നു നാട്ടുകാര്‍ കാലങ്ങളായി ആവശ്യപ്പെട്ടുവരുന്നതാണ്.
പറമ്പിക്കുളം വനത്തില്‍നിന്നു തീവണ്ടിമാര്‍ഗം ചാലക്കുടിയിലേക്കു വനവിഭവങ്ങള്‍ കൊണ്ടുവരുന്നതിനായാണ് ഒരുനൂറ്റാണ്ട് മുമ്പ് കൊച്ചിന്ഫോറസ്റ്റ് ട്രാംവേ സ്ഥാപിച്ചത്. 1962ല്‍ ട്രാംവേ നിര്‍ത്തലാക്കിയതോടെ ട്രാംവേ ലൈന്‍ റോഡായി മാറി. വെള്ളിക്കുളങ്ങര ജംഗ്ഷനില്‍നിന്ന് മോനൊടി ഭാഗത്തേക്ക് ഇപ്പോള്‍ നിലവിലുള്ള റോഡും പാലവും പഴയ ട്രാംവേയുടെ ഭാഗമായിരുന്നു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിലുള്‍പ്പെടുത്തി ഈ റോഡിന്റെ നൂറുമീറ്ററോളം രണ്ടുവര്‍ഷംമുമ്പ് വീതികൂട്ടി കരിങ്കല്‍കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും അപകടസാധ്യത കൂടുതലുള്ള ഭാഗത്ത് ഇനിയും പണികള്‍ നടന്നിട്ടില്ല.