കായികരംഗത്തു വലിയ മാറ്റം കൊണ്ടുവരും: മന്ത്രി അബ്ദുറഹ്മാൻ
1443540
Saturday, August 10, 2024 1:59 AM IST
വടക്കാഞ്ചേരി: കായികരംഗത്ത് വലിയ മാറ്റം കൊണ്ടുവരുവാനുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടപ്പിലാക്കുന്നതെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. 2000 കോടി രൂപയാണ് കായിക രംഗത്തെ അടിസ്ഥാന വികസനരംഗത്ത് ചെലവഴിക്കുന്നത്.
10,000 തൊഴിലവസരങ്ങൾ കായിക മേഖലയിൽ കൊണ്ടുവരുവാനുള്ള പ്രവർത്തനങ്ങൾആരംഭിച്ചു. കായിക മേഖലയിൽ 5000 കോടിയുടെ നിക്ഷേപംകൊണ്ടുവരുവാനായി. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിലും ഈ രീതിയിലുള്ള നിക്ഷേപം ഉണ്ടായിട്ടില്ലെന്നും കായിക മേഖലയിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ദേശീയ മത്സരങ്ങൾ ഉൾപ്പെടെ നടത്തുവാൻ കഴിയുന്ന ഗ്രൗണ്ടായി വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിനെ പരിരക്ഷിച്ചു മുന്നോട്ടു കൊണ്ടുപോകുമെന്നും തലപ്പള്ളി താലൂക്കിലെ എല്ലാ മത്സരങ്ങളും നടത്താവുന്ന ഒരു ഗ്രൗണ്ട് എന്ന തലത്തിലേക്ക് ഗ്രൗണ്ടിന്റെ പൂർണതയിൽ എത്തിക്കുവാൻ പരിശ്രമിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ,കേരള സ്പോർട്സ് ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ, നഗരസഭ വൈസ് ചെയർപേഴ്സൺ ഷീലമോഹൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആർ. അനൂപ് കിഷോർ, എ.എം. ജമീലാബി, സ്വപ്ന ശശി, സി.വി. മുഹമ്മദ് ബഷീർ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളായ കെ. ഡി. ബാഹുലേയൻ, എം.യു. കബീർ, ഗവ. ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എഎം. സീമ, മർച്ചന്റ് അസോ. പ്രസിഡന്റ് അജിത് മല്ലയ്യ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഇ.കെ. കുമാരൻ, പിടിഎ പ്രസിഡന്റ് സി.ആർ. നിഷാദ്, ഒഎസ് എ പ്രസിഡന്റ് എ.കെ. സതീഷ്കുമാർ, അജീഷ് കർക്കിടകത്ത്, നഗരസഭ സെക്രട്ടറി കെ. കെ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.