വെള്ളക്കെട്ടിനു ശമനമായില്ല; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ 11
1441773
Sunday, August 4, 2024 2:57 AM IST
ഇരിങ്ങാലക്കുട: കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മഴമാറി മാനം തെളിഞ്ഞെങ്കിലും കരുവന്നൂര്‍ പുഴയോട് ചേര്‍ന്ന പ്രദേശങ്ങളിലും കാട്ടൂര്‍, കാറളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ല. ജലനിരപ്പ് ഉയര്ന്നതന്നെ നില്‍ക്കുകയാണ്. വെള്ളത്തിന്റെ ഇറക്കം വളരെ സാവധാനത്തിലാണ്. കരുവന്നൂര്‍ കൊക്കരിപ്പള്ളത്ത് വെള്ളം കയറി 70 വീട്ടുകാരെ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും 28 വീട്ടുകാര്‍ക്കു മാത്രമാണ് തിരികെ ഇങ്ങോട്ടു വരാനായത്. മറ്റു വീടുകളില്‍ വെള്ളം ഇറങ്ങിയിട്ടില്ല.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. 223 വീടുകളില്‍ നിന്നായി 541 പേരാണ് ക്യാമ്പിലുള്ളത്. കാറളം പഞ്ചായത്തില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകളിലായി 90 വീടുകളില്‍നിന്നും 203 പേരാണു ക്യാമ്പിലുള്ളത്. കാട്ടൂര്‍ പഞ്ചായത്തില്‍ രണ്ടു ക്യാമ്പുകളിലായി 52 വീടുകളില്‍നിന്നും 144 പേരാണ് ക്യാമ്പിലുള്ളത്. പടിയൂര്‍ പഞ്ചായത്തിലെ ഒരു ക്യാമ്പില്‍ 16 വീടുകളില്‍നിന്നും 29 പേരും മുരിയാട് പഞ്ചായത്തില്‍ രണ്ട് ക്യാമ്പുകളിലായി 14 വീടുകളില്‍നിന്നും 40 പേരുമാണ് ക്യാമ്പിലുള്ളത്.
ഇരിങ്ങാലക്കുട നഗരസഭയില്‍ മൂന്നുക്യാമ്പുകളിലായി 51 വീടുകളില്‍നിന്നും 125 പേരാണ് ക്യാമ്പിലുള്ളത്. ഇതിന്റെ മൂന്നിരട്ടിയോളം വരും ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നവരുടെ എണ്ണം. കാറളം പഞ്ചായത്തില്‍ കാറളം എല്‍പി സ്കൂളില്‍ 38 കുടുംബങ്ങളില്‍നിന്നായി 99 പേരും കാറളം ഹൈസ്കൂളില്‍ 46 വീടുകളില്‍ നിന്നും 91 പേരും താണിശേരി ഡോളേഴ്സ് എല്‍പി സ്കൂളില്‍ ആറു വീടുകളില്‍നിന്നുമായി 13 പേരുമാണ് ക്യാമ്പിലുള്ളത്.
കാട്ടൂര്‍ പഞ്ചായത്തില്‍ കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളില്‍ 43 വീടുകളില്‍നിന്നും 122 പേരും കാട്ടൂര്‍ പോംപെ സ്കൂളില്‍ ഒമ്പതുവീടുകളില്നിന്നും 22 പേരുമാണ് ക്യാമ്പിലുള്ളത്. പടിയൂര്‍ എച്ച്ഡിപി സമാജം സ്കൂളില്‍ 16 വീടുകളില്‍നിന്നും 29 പേരാണ് ക്യാമ്പിലുള്ളത്. മുരിയാട് പഞ്ചായത്തില്‍ പുല്ലൂര്‍ എസ്എന്‍ബിഎസ് എല്‍പി സ്കൂളില്‍ 12 വീടുകളില്‍നിന്നും 34 പേരും ആനുരുളി അയ്യങ്കാളി സാംസ്കാരിക നിലയത്തില്‍ രണ്ടു വീടുകളില്‍നിന്നും ആറു പേരും ക്യാമ്പിലുണ്ട്.
ഇരിങ്ങാലക്കുട നഗരസഭയില്‍ കരുവന്നൂര്‍ സെന്റ്് ജോസഫ്സ് സ്കൂളില്‍ 26 വീടുകളില്‍നിന്നും 59 പേരും മാപ്രാണം സെന്റ്് സേവിയേഴ്സ് സ്കൂളില്‍ 22 വീടുകളില്‍നിന്നും 56 പേരും ജവഹര്‍ കോളനിയിലെ പകല്‍വീടില്‍ മൂന്നു വീടുകളില്‍നിന്നും 10 പേരുമാണ് ക്യാമ്പിലുള്ളത്.
ഗതാഗതം പുനഃസ്ഥാപിക്കാനായില്ല.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുഴയിലെ ജലനിരപ്പ് താഴ്ന്നുവെങ്കിലും സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിനു കുറവില്ല. കാട്ടൂര്‍ പഞ്ചായത്തില്‍ പടിഞ്ഞാറന്‍ മേഖലയിലും പാടശേഖരങ്ങളിലും ജലനിരപ്പു കൂടുതലാണ്. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ തടസപ്പെട്ട ഗതാഗതം ഇതുവരെയും പുനഃസ്ഥാപിക്കാനായിട്ടില്ല.
മൂര്‍ക്കനാട് സെന്റര്‍, കാറളം, കാറളം - കരാഞ്ചിറ നന്തി റോഡ്, ആനന്ദപുരം - മാപ്രാണം ചാത്തന് മാസ്റ്റര്‍ റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭയില്‍ മൂര്‍ക്കനാട്, ഒമ്പതുമുറി കോളനി, കൊക്കരിപ്പള്ളം, മാപ്രാണം, തളിയക്കോണം, പീച്ചംപിള്ളി കോളനി, കുന്നുമ്മക്കര, കൊറ്റിലങ്ങപ്പാടം ഭാഗങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. കെഎല്‍ഡിസി കനാലില്‍ വെള്ളം ഉയര്‍ന്നതുമൂലം താമരപ്പള്ളം വഴി കച്ചേരി, മയയാര് പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. കാട്ടൂരില്‍ മധുരംപിള്ളി, ചെമ്പന്‍ചാല്‍, കരാഞ്ചിറ എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ട്. കാറളത്ത് നന്തിയില്‍ വെള്ളം ഇറങ്ങിയിട്ടില്ല.
എംഎം കനാല്‍ കരകവിഞ്ഞു
കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്തിലെ എംഎം കനാല്‍ കരകവിഞ്ഞൊഴുകുകയാണ്. എംഎം കനാലിന്റെ രണ്ടു ബണ്ടുകളും ഉയര്‍ത്താന്‍ പലപ്രാവശ്യവും ഇരിങ്ങാലക്കുട മൈനര്‍ ഇറിഗേഷന്‍ എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കിയിട്ടും നടപടി എടുത്തില്ലെന്നു ആരോപണമുണ്ട്. കനാലിലൂടെ പുഴയിലേക്ക് ഒഴുകി പ്പോകുന്ന വെള്ളം വടക്കേബണ്ടിന് ഉയരം കുറവായതിനാല്‍ വെള്ളം കരകവിഞ്ഞു 100 കുടുംബങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിന്റെ ഭീഷണി നേരിടുന്നതായി മുന്‍ പഞ്ചായത്തംഗം ഹൈദ്രോസ് പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പിൽ സാന്ത്വനമായി മാർ പോളി കണ്ണൂക്കാടൻ
ചാലക്കുടി: വെള്ളം കയറിയതുമൂലം മാറ്റിത്താമസിപ്പിച്ച തിരുമന്ധാംകുന്ന് ക്ഷേത്രംഹാളിലെ ദുരിതാ ശ്വാസ ക്യാമ്പ് ഇരിങ്ങാലക്കുട ബിഷപ് മാർ പോളികണ്ണുക്കാടൻ സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്നവരുമായി ബിഷപ് സംസാരിച്ചു; ബുദ്ധിമുട്ടുകൾ മനസിലാക്കി. പുതപ്പും അവശ്യവസ്തുക്കളും നൽകി. രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ, അവാർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. സിനു അരിമ്പൂപറമ്പൻ, ഫാ. ജോർജ് തേലപ്പിള്ളി, കൗൺസിലർ സൂസി സുനിൽ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ച് ഡിവൈഎസ്പി
എടത്തിരുത്തി: തീരദേശത്തെ രണ്ടു പഞ്ചായത്തുകളിലെയും ദുരിതാശ്വാസ ക്യാമ്പുകൾ കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു സന്ദർശിച്ചു. ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ 112 പേരും കാക്കാത്തിരുത്തി ഇസത്തുൽ ഇസ്ലാം മദ്രസയിൽ 100 പേരുമാണു ക്യാമ്പിലുള്ളത്. ക്യാമ്പിലുള്ളവരുടെ വിവരങ്ങളെല്ലാം തിരക്കി സുരക്ഷിതത്വം വിലയിരുത്തി.
ക്യാമ്പിലെ കുട്ടികളുടെയും മുതിർന്നവരുടെയും ഗാനാലാപനം ജനപ്രതിനിധികളടക്കമുള്ളവർ ആസ്വദിച്ചു. കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്ഐ കെ.എസ്. സൂരജ് എന്നിവരും ഡിവൈഎസ്പിയോടൊപ്പം ഉണ്ടായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉൾപ്പടെയുള്ള ജനപ്രതിനിധികൾ തുടങ്ങിയവർ ക്യാമ്പിൽ സജീവമാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ് അധികൃതരും ക്യാമ്പിലുണ്ട്.
വീടിനു സമീപത്തെ കരിങ്കൽക്കെട്ട് ഒലിച്ചുപോയി
കാടുകുറ്റി: വീടെന്ന സ്വപ്നം യാഥാർഥ്യമായി ഒരുവർഷം തികയുംമുന്പ് വീടിനോടുചേർന്ന കരിങ്കൽക്കെട്ടും സെപ്റ്റിക് ടാങ്കും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ബാങ്ക് ലോണെടുത്തും മറ്റു വായ്പകൾ വാങ്ങിയും പണിതുയർത്തിയ ഭവനത്തിന് ഇനിയും അപകടം സംഭവിക്കുമോയെന്ന ആശങ്കയിൽ കഴിയുകയാണ്കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കുലയിടം 12-ാം വാർഡിലെ പുത്തൻവീട്ടിൽ സുരേഷും കുടുംബവും. മാനംകറുത്താലും മഴ തുള്ളിയിട്ടാലും ഈ കുടുംബത്തിൻ്റെ നെഞ്ചിടിപ്പേറും. ഇക്കഴിഞ്ഞ ജൂൺ ആദ്യംവാരം പെയ്ത കനത്തമഴയിൽ വീടിനോടുചേർന്ന 15 അടിയോളം ഉയരത്തിലുള്ള കരിങ്കൽമതിൽ തകർന്നിരുന്നു.
വീടിനു സംഭവിച്ച വിള്ളലുകൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർക്കും വില്ലേജ് ഓഫീസർക്കും സഹായത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾപറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറി.
മഴ ശക്തമാകുന്നതിനുമുമ്പ് തകർന്നുവീണ മതിൽ കെട്ടിസംരക്ഷിച്ചില്ലെങ്കിൽ വീടിനും കേടുപാടുകൾ സംഭവിക്കുമെന്ന് അറിയാമായിരുന്നെങ്കിലും പരിഹരിക്കാനായില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തോരാമഴയിലും ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നും വീടിനോടുചേർന്നുള്ള പാടശേഖത്തിൽ വെള്ളം നിറഞ്ഞു.
വെള്ളം ദിവസങ്ങളോളം കെട്ടിക്കിടന്നതിനെ തുടർന്ന് സെപ്റ്റിക് ടാങ്കും അനുബന്ധ ഡ്രെയിനേജും മണ്ണും ഒലിച്ചുപോയി. വിള്ളലുകൾ രൂപപ്പെട്ടതിനാൽ വീട് തകരുമോയെന്ന ആധിയിൽ കഴിയുകയാണ് ഈ കുടുംബം.
സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രതിനിധികൾക്കു പുറമേ സനീഷ് കുമാർ ജോസഫ് എംഎൽഎയും സ്ഥലത്തെത്തി. വില്ലേജ് അധികൃതരെയും തഹസിൽദാരെയും അദ്ദേഹം കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.