എൽഡിഎഫ് യോഗത്തിൽ മേയർക്കു രൂക്ഷവിമർശനം
1441475
Saturday, August 3, 2024 1:06 AM IST
തൃശൂർ: കോർപറേഷൻ എൽഡിഎഫ് യോഗത്തിൽ മേയറെ വളഞ്ഞിട്ട് ആക്രമിച്ച് നേതാക്കളും കൗണ്‍സിലർമാരും. മൂന്നുവട്ടം യോഗത്തിൽനിന്ന് എഴുന്നേറ്റുപോകാൻ മേയർ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. രാവിലെ പതിനൊന്നിന് ആരംഭിച്ച യോഗം രാത്രിയാണ് അവസാനിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സിപിഐ നേതാവും എംഎൽഎയുമായ പി. ബാലചന്ദ്രൻ എന്നിവരും കൗണ്‍സിലർമാരും യോഗത്തിൽ പങ്കെടുത്തു. മേയറെ മാറ്റാതെ കോർപറേഷനിൽ സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാട് സിപിഐ ആവർത്തിച്ചു. കൗണ്‍സിലർമാരായ രാജശ്രീ ഗോപൻ, സുകുമാരൻ, സാറാമ്മ റോബ്സണ് എന്നിവരും മേയർക്കെതിരേ രൂക്ഷവിമർശനമുന്നയിച്ചു.
മേയർ രാജിവയ്ക്കണമെന്നു യോഗത്തിൽ ഭൂരിപക്ഷം പേരും ആവശ്യമുന്നയിച്ചു. നികുതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി കത്തിനിൽക്കുന്പോൾ കോർപറേഷൻ നേതാക്കളുടെയോ എൽഡിഎഫിന്റെയോ അറിവില്ലാതെ മേയറും സംഘവും നടത്തിയ റഷ്യൻ സന്ദർശനത്തെയും സിപിഐ നേതാക്കളടക്കം വിമർശിച്ചെന്നാണു വിവരം.
നിലവിലെ ഡെപ്യൂട്ടി മേയറായ എം.എൽ. റോസിയെ മാറ്റി ജനതാദൾ -എസിലെ ഷീബ ബാബുവിനു സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് മേയർക്കു കത്തു നൽകി. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് യോഗത്തിൽ പങ്കെടുത്തില്ല. തൃശൂർ നിയമസഭാമണ്ഡലത്തിലെ കൗണ്‍സിലർമാർ ഒഴിച്ച് മറ്റുള്ളവർ മേയറെ മാറ്റണമെന്ന നിലപാട് ശക്തമായി ഉന്നയിച്ചിട്ടില്ലെന്നും സൂചനയുണ്ട്.
തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന്റെ പരാജയത്തിനു പിന്നാലെ മേയർക്കെതിരേ രൂക്ഷവിമർശനമാണ് ഇടതുപക്ഷത്തുനിന്ന് ഉയർന്നത്. സുനിൽകുമാറാണ് ആദ്യ വെടിപൊട്ടിച്ചത്. പിന്നാലെ കൗണ്‍സിലർമാരും സിപിഐ ജില്ലാ സെക്രട്ടറിയും പരസ്യമായി രംഗത്തുവന്നു. സുരേഷ് ഗോപിക്ക് അനുകൂലനിലപാടെടുക്കുന്ന മേയറെ മാറ്റണമെന്നു എൽഡിഎഫിനു കത്തും നൽകി. എന്നാൽ, സിപിഎം പരസ്യമായി മേയറെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
സിപിഐയുടെ മണ്ഡലങ്ങളിൽ വോട്ടിലുണ്ടായ കുറവു ചൂണ്ടിക്കാട്ടി മേയറെ പ്രതിരോധിക്കാനും ശ്രമിച്ചു. ഇതിൽനിന്നെല്ലാം വേറിട്ട നിലപാടാണ് ഇന്നലെ എൽഡിഎഫ് യോഗത്തിൽ എല്ലാ നേതാക്കളും സ്വീകരിച്ചത്.