ചിമ്മിനി ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറക്കാന്‍ അനുമതിതേടി
1441473
Saturday, August 3, 2024 1:06 AM IST
പുതുക്കാട്: സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി സംഭരണിയിലെ വെള്ളം ക്രമീകരിക്കാന്‍ ചിമ്മിനി ഡാമിന്റെ ഇറിഗേഷന്‍ സ്ലൂയിസ് വാല്‍വുകള്‍ തുറക്കാന്‍ ഡാം അധികൃതര്‍ ജില്ലാ കളക്ടറുടെ അനുമതി തേടി. അടുത്ത മാസങ്ങളില്‍ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
ഡാം പരിസരത്തും വൃഷ്ടിപ്രദേശത്തും കഴിഞ്ഞ ദിവസങ്ങളില്‍ മഴ മാറിനില്‍ക്കുകയാണ്. എന്നാല്‍, കാലവര്‍ഷം അവശേഷിക്കുന്നതിനാല്‍ മുന്‍കൂട്ടി ഡാമില്‍ വെള്ളം സംഭരിക്കാന്‍ ഇടമുണ്ടാക്കുകയാണ് അധികൃതരുടെ ഉദ്ദേശ്യം.
അതേസമയം, ചിമ്മിനി വൈദ്യുതപദ്ധതിയില്‍ ഉത്പാദനം ആരംഭിച്ചു. വൈദ്യുതി ഉത്പാദനത്തിന് പ്രതിദിനം ആവശ്യമായ 0.55 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമില്‍നിന്നു പുറത്തുവിടുന്നത്. വൈദ്യുതി ഉത്പാദനത്തിനു സെക്കൻഡില്‍ 6.36 മീറ്റര്‍ ക്യൂബ് വെള്ളമാണ് നല്‍കുന്നത്.
ഇന്നലെ വൈകീട്ട് ഡാമിലെ ജലനിരപ്പ് 71.57 മീറ്ററാണ്. ഈസമയത്ത് 116.78 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഡാമില്‍ സംഭരിച്ചിരിക്കുന്നത്. ഇതു ചിമ്മിനിയുടെ മൊത്തം സംഭരണശേഷിയുടെ 77.06 ശതമാനമാണ്.