തീരദേശത്ത് ശുദ്ധജലവിതരണം തടസപ്പെട്ടിട്ട് അഞ്ചുദിവസം
1441183
Friday, August 2, 2024 12:57 AM IST
എടത്തിരുത്തി: നാട്ടിക ഫർക്ക ശുദ്ധജല വിതരണ പദ്ധതിയിലെ പ്രധാന പൈപ്പ് പൊട്ടിയതിനെ തുടർന്ന് ശുദ്ധജല വിതരണം തടസപ്പെട്ടിട്ട് അഞ്ചുദിവസം. കനത്ത മഴയെ തുടർന്ന് കുടിവെള്ളവിതരണം പുന:സ്ഥാപിക്കാൻ കഴിയാതെ അധികൃതർ. എടത്തിരുത്തി ഏറാക്കലിലാണു നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയിട്ടുള്ളത്.
തീരദേശത്തെ പത്തു പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് ഇതോടെ നിശ്ചലമായത്. ശക്തമായ മഴയിൽ വെള്ളം നിറഞ്ഞു നിൽക്കുന്ന പ്രദേശമാണ് എടത്തിരുത്തിയിലെ ഏറാക്കൽ പ്രദേശം. പ്രതികൂല കാലാവസ്ഥയിൽ കുഴിയെടുത്ത് പൈപ്പ് നന്നാക്കാൻ ബുദ്ധിമുട്ടായതിനാലും മണ്ണിടിച്ചിൽ ഭീതി ഉള്ളതിനാലും കുടിവെള്ള വിതരണം പുനരാരംഭിക്കാൻ സമയമെടുക്കുമെന്ന് വാട്ടർ അഥോറിറ്റി ഇരിങ്ങാലക്കുട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഇരിങ്ങാലക്കുട എക്സിക്യൂട്ടീവ് എൻജിനീയർ വിന്നി പോൾ, നാട്ടിക അസി. എക്സിക്യൂട്ടീവ് എൻജിനീയർ ലിറ്റി ജോർജ്, അസി. എൻജിനീയർ സുധീർ, മതിലകം അസി. എൻജിനീയർ ഐഡ മോസസ് എന്നിവരുടെ നേതൃത്വത്തിലാണ് കുടിവെള്ളം പുനരാരംഭിക്കാനുള്ള ശ്രമം ഊർജ്ജിതമായി നടക്കുന്നത്. ഇ.ടി.ടൈസൺ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് സി.കെ. ഗിരിജ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. നിഖിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.