ചിറ ശുചീകരണം പാളി: കൈനൂരിനെ വെള്ളത്തിൽ മുക്കി
1441172
Friday, August 2, 2024 12:57 AM IST
പുത്തൂർ: 2018ലെ പ്രളയകാലത്തിനുശേഷം കൈനൂരിലെ വീടുകൾ വെളളത്തിൽ മുങ്ങുന്നത് കഴിഞ്ഞദിവസമാണ്.
വർഷക്കാലത്ത് കൈനൂർ ചിറയിലെ ശുചീകരണപ്രവൃത്തികൾ പതിവായി നടത്തുന്നതിലെ വിഴ്ചയാണ് വെള്ളം ഉയരാനിടയാക്കിയത്. പുത്തൂർ - നടത്തറ പഞ്ചായത്ത് അധികൃതർ നേരത്തെതന്നെ ചിറയിലെ ചണ്ടിയും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് തുടർ നടപടികൾ എടുക്കാൻ വൈകിയതാണ് ചിറയിലെ വെളളത്തിന്റെ ഒഴുക്കിനെ ബാധിച്ചത്. നടത്തറ - പുത്തൂർ പഞ്ചായത്ത് പരിധിയിലാണ് കൈനൂർ ചിറ സ്ഥിതിചെയ്യുന്നത്. മേജർ ഇറിഗേഷനാണ് കൈനൂർ ചിറയിലെ ചണ്ടിയും മറ്റു തടസങ്ങളും നീക്കംചെയ്യേണ്ടേതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. എന്നാൽ ഇത്തവണ ഈ പ്രവൃത്തി കാര്യക്ഷമമായി നടന്നിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ചണ്ടിയും മരത്തടികളും അടിഞ്ഞതാണ് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി മഴ ശമിച്ചുവെങ്കിലും കൈനൂർ ഭാഗത്തെ വെളളം പൂർണമായും ഒഴിയാതിരുന്നതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ചണ്ടിയും മറ്റും തടസങ്ങളും നീക്കംചെയ്തു.
ഇതോടെ ചിറയിലെ വെള്ളത്തിന്റെ ഒഴുക്കിന് ശക്തികൂടിയിട്ടുണ്ട്. നിലവിൽ ചിറ കവിഞ്ഞാണ് ഒഴുകുന്നത്. മൂർക്കിക്കനിക്കര സെന്ററിൽ വെള്ളം രണ്ടടി താഴ്ന്നു. പുത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ മൂന്നു ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്നുണ്ട്. പുത്തൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 1350ഓളം വീടുകളിലാണ് വെള്ളം കയറിയത്. നിരവധിപേർക്ക് കൃഷിനാശം സംഭവിച്ചു.