തീരസുരക്ഷാ പദ്ധതി: ബീച്ചുകളിലെ സർവേ പുരോഗമിക്കുന്നു
1436872
Thursday, July 18, 2024 1:37 AM IST
കൂരിക്കുഴി: ആറ് ബ്ലോക്ക് മെമ്പർമാരുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന തീരസുരക്ഷ പദ്ധതിയുടെ ഭാഗമായി ബീച്ചുകളിലെ സർവേ പുരോഗമിക്കുന്നു. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഏഴു പഞ്ചായത്തുകളുടെയും കടൽത്തീരങ്ങൾ സിസിടിവി നിരീക്ഷണത്തിലാക്കുന്ന തീരസുരക്ഷ പദ്ധതിയുടെ സർവേ പ്രാദേശിക പങ്കാളിത്തത്തോടെയാണു മുന്നേറുന്നത്.
ബീച്ച് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ബ്ലോക്ക് ഡിവിഷനുകളിലെ മെമ്പർമാരായ നൗഷാദ് കറുകപ്പാടത്ത്, കെ.എ. ഹസ്ഫൽ, ശോഭന ശാർങധരൻ, ഹഫ്സ ഒഫൂർ, ആർ.കെ. ബേബി, വി.എസ്. ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ ജനകീയ ഫണ്ടും സിഎസ്ആർ ഫണ്ടും ഉപയോഗപ്പെടുത്തിയാണ് ഈ മാതൃക പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തിലെ പുന്നക്കച്ചാൽ, കമ്പനിക്കടവ്, വഞ്ചിപ്പുര എന്നീ ബീച്ചുകളിലെ സർവേ പൂർത്തീകരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, ബ്ലോക്ക് ഡിവിഷൻ മെമ്പർ ആർ.കെ. ബേബി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുകന്യ ടീച്ചർ, ജനപ്രതിനിധികളായ മിനി, സിബിൻ, മത്സ്യത്തൊഴിലാളി പ്രതിനിധികളായ കോഴിപ്പറമ്പിൽ തമ്പി, കൈതവളപ്പിൽ സന്തോഷ്, കിഴക്കേവീട്ടിൽ പ്രതാപൻ, സിസിടിവി ടെക്നീഷ്യൻമാരായ അഭയ്, അമൽ തുടങ്ങിയവർ സർവേയിൽ പങ്കെടുത്തു. ഒരാഴ്ചയ്ക്കകം അവശേഷിക്കുന്ന പഞ്ചായത്തുകളിലും സർവേ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാനാണു ലക്ഷ്യമിടുന്നത്.