പാതയോരങ്ങളിൽ പാഴ്മരങ്ങൾ അപകടഭീഷണി
1436869
Thursday, July 18, 2024 1:37 AM IST
കൊരട്ടി: സംസ്ഥാനമൊട്ടാകെ ഇടവേളകളില്ലാതെ മഴയും കാറ്റും നാശം വിതയ്ക്കുമ്പോൾ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന പാഴ്മരങ്ങൾക്കുനേരെ കണ്ണടച്ച് അധികൃതർ. വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾ അനുദിനം വന്നെത്തുന്ന കൊരട്ടിയിലെ മുഖ്യ പോസ്റ്റ് ഓഫീസിനു മുന്നിലും വില്ലേജ് കാര്യാലയത്തിന്റെ കവാടത്തിലുമാണ് ഏതു നിമിഷവും അപകടത്തിനു കാരണമായേക്കാവുന്ന പാഴ്മരവും ഉണങ്ങിയ പ്ലാവും നിൽക്കുന്നത്. പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, ദേവമാത ആശുപത്രി, സർക്കാർ ആയുർവേദ - ഹോമിയോ ഡിസ്പെൻസറികൾ, എസ്ബിഐ, അക്ഷയ കേന്ദ്രം, വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിവയും ഇതിനോട് ചേർന്നാണു സ്ഥിതിചെയ്യുന്നത്.
തിരക്കേറിയ പൊതുമരാമത്ത് റോഡിന്റെ ഓരത്ത് ആശങ്ക ഉയർത്തുന്ന ഇത്തരം മരങ്ങൾ വെട്ടിനീക്കുന്നതിനോട് അധികൃതർ പുലർത്തുന്ന നിസംഗതയ്ക്കെതിരെ ജനരോഷം ശക്തമാണ്. ഈ വഴിയിൽ തന്നെ മൃഗാശുപത്രിക്കു മുന്നിലും റെയിൽവേ സ്റ്റേഷൻ കവാടത്തിലും നിൽക്കുന്ന മരങ്ങളും ജീവനു ഭീഷണി ഉയർത്തുന്നുണ്ട്.
റോഡിലേക്ക് അൽപം ചരിഞ്ഞു നിൽക്കുന്ന പാഴ്മരങ്ങളുടെ വേരുകൾ മണ്ണിലേക്ക് അധികം ആഴ്ന്നിറങ്ങിയിട്ടില്ലെന്നു മാത്രമല്ല അപകടസാധ്യതയും ഏറെയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.
പാതവക്കിലൂടെ കടന്നുപോകുന്ന 11 കെവി ലൈനിനും ലോ - ടെൻഷൻ ലൈനുകൾക്കും സമീപം ചെറിയ കാറ്റിനെ പോലും അതിജീവിക്കാനാകാതെ ഉയർന്നു നിൽക്കുന്ന ഇത്തരം മരങ്ങൾ സമീപത്തെ വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. കാലവർഷം കലിതുള്ളി നിൽക്കുന്നതിനിടെ ആഞ്ഞു വീശിയേക്കാവുന്ന കാറ്റിൽ ദൃഢത കുറഞ്ഞ ഇത്തരം പാഴ്മരങ്ങളുടെ ശിഖിരങ്ങൾ ഒടിഞ്ഞു വീഴാനും കടപുഴകാനും സാധ്യതയേറെയാണ്. കൊരട്ടി - പുളിക്കക്കടവ് റോഡിലും സ്ഥിതി വ്യത്യസ്ഥമല്ല. വിഷയത്തിന്റെ ഗൗരവം മനസിലാക്കി തുടർനടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.