ബിന്നി ഇമ്മട്ടി അന്തരിച്ചു
1436821
Wednesday, July 17, 2024 11:05 PM IST
തൃശൂർ: വ്യാപാരി വ്യവസായിസമിതി സ്ഥാപകനേതാവും തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ ബിന്നി ഇമ്മട്ടി (63) അന്തരിച്ചു. ഹൃദ്രോഗത്തിനു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്ക ഇന്നലെ രാത്രി എട്ടോടെയാണ് അന്ത്യം.
സിപിഎം തൃശൂർ ഏരിയ കമ്മിറ്റി അംഗമാണ്. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനനിർവാഹകസമിതി അംഗമാണ്. തൃശൂർ പൂങ്കുന്നം ഇമ്മട്ടിയിൽ പരേതരായ ജോസഫിന്റെയും മേരിയുടെയും മകനാണ്.
തൃശൂരിന്റെ കലാ കായിക സാംസ്കാരിക വ്യാപാരമേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ബിന്നി ഇമ്മട്ടി. മികച്ച സംഘാടകനായിരുന്നു. വ്യാപാരി വ്യവസായി കോൺഫെഡറേഷൻ ജനറൽ കൺവീനർ, കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് മെമ്പർ, കേരള ബാസ്കറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ശിശുക്ഷേമസമിതി മുൻ അംഗം, പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡന്റ്, കലാനിലയം കൃഷ്ണൻനായർ ഫൗണ്ടേഷൻ ഡയറക്ടർ, യുണൈറ്റഡ് പീജിയൻ ക്ലബ് രക്ഷാധികാരി, ഭരത് പി.ജെ. ആന്റണി അവാർഡ് ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിംസ് രക്ഷാധികാരി, നാസിക് ഡോൾ ഓണേഴ്സ് സമിതി രക്ഷാധികാരി, റഗ്ബി രക്ഷാധികാരി, പാർട്ട് ഒഎൻഒ ഫിലിംസ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.