സഹായത്തിന്റെ കടങ്ങളില്ലാതെ കളക്ടർ മടങ്ങി; സോഷ്യൽ മീഡിയയിൽ ആശംസാപ്രവാഹം
1436645
Wednesday, July 17, 2024 1:16 AM IST
സ്വന്തം ലേഖകൻ
തൃശൂർ: സഹായത്തിന്റെ കടങ്ങളൊന്നും മാറ്റിവയ്ക്കാതെ നാട്ടിലേക്കു മടങ്ങുന്ന തൃശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയ്ക്ക് ആശംസാപ്രവാഹവുമായി സോഷ്യൽ മീഡിയ. ഇന്നലെ രാവിലെ പതിനൊന്നോടെയാണു ചുമതലയൊഴിയുന്ന വിവരം തൃശൂർ ജില്ലാ കളക്ടറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്. ഇതിനുപിന്നാലെ സേവനങ്ങൾക്കു നന്ദിയറിയിച്ചു കുട്ടികളും മുതിർന്നവരുമായി നൂറുകണക്കിനുപേരാണു പ്രതികരിച്ചത്.
വാഹനാപകടത്തിൽ മാതാപിതാക്കൾ മരിച്ച രണ്ട് ആദിവാസിക്കുട്ടികൾക്കുള്ള സഹായവാഗ്ദാനവും പൂർത്തിയാക്കിയാണു കളക്ടറുടെ മടക്കം. ആദിവാസിക്കുട്ടികൾക്കു പഠനച്ചെലവു കണ്ടെത്താൻ സഹായിക്കണമെന്നു സനീഷ് കുമാർ ജോസഫ് എംഎൽഎ കൃഷ്ണതേജയോട് ആവശ്യപ്പെട്ടിരുന്നു. മാസങ്ങൾക്കുശേഷം ഒളരിക്കര നവജ്യോതി ബിഎഡ് കോളജിൽ പരിപാടിക്കെത്തിയ കളക്ടർ ഇക്കാര്യം കോളജ് അധികൃതരെ അറിയിച്ചു. അവർ അപ്പോൾതന്നെ സഹായം വാഗ്ദാനം ചെയ്തു.
തെരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടമുള്ളതിനാൽ സഹായം കൈമാറാൻ വൈകിയെങ്കിലും ചൊവ്വാഴ്ച മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമെത്തി കുട്ടികൾ ഒരുലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. കോയന്പത്തൂരിൽ ഏഴിലും അഞ്ചിലും പഠിക്കുകയാണു കുട്ടികൾ.
നവജ്യോതി കോളജ് മാനേജർ സിസ്റ്റർ ജെസിൻ തെരേസ, പ്രിൻസിപ്പൽ സിസ്റ്റർ ജിജി പോൾ, ബർസാർ സിസ്റ്റർ ലിസി എന്നിവർ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കുട്ടികളെ ഇടയ്ക്കു ഫോണിൽ വിളിച്ചു പഠനവിവരങ്ങൾ അന്വേഷിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
കോവിഡ്കാലത്തു മാതാപിതാക്കളോ, മാതാപിതാക്കളിലൊരാളോ നഷ്ടപ്പെട്ട 609 കുട്ടികളുടെ തുടർപഠനം സ്പോണ്സർമാരെ കണ്ടെത്തി മുന്നോട്ടുകൊണ്ടുപോകാൻ കൃഷ്ണതേജയ്ക്കു സാധിച്ചു. ഒരുവർഷവും മൂന്നുമാസവും മൂന്നാഴ്ചയും മാത്രമാണു തൃശൂരിൽ പ്രവർത്തിക്കാൻ കഴിഞ്ഞതെങ്കിലും എല്ലാ വിഭാഗത്തിനും സഹായമെത്തിക്കാൻ കഴിഞ്ഞതാണു കളക്ടറെ പ്രിയപ്പെട്ടവനാക്കിയത്. ടുഗദർ ഫോർ തൃശൂർ പദ്ധതിക്കു വൻസ്വീകാര്യതയാണ് ലഭിച്ചത്.
മെഡിക്കൽ കോളജ് വികസനത്തിനൊപ്പം തട്ടിപ്പുകൾ പുറത്തുകൊണ്ടുവരാൻ കളക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞു. തന്റെ സ്വപ്നങ്ങൾക്കു പിന്തുണ തന്ന തൃശൂരിനു ബിഗ് സല്യൂട്ട് നൽകിയ കളക്ടർക്ക് അതിനെക്കാൾ വലിയ യാത്രയയപ്പാണു സോഷ്യൽ മീഡിയ നൽകിയത്.