മേയർ വിഷയത്തിൽ ഉടക്കിനില്ല; കൗണ്‍സിലിൽ പങ്കെടുക്കാൻ സിപിഐ
1436644
Wednesday, July 17, 2024 1:16 AM IST
തൃശൂർ: മേയർപ്രശ്നം സംസ്ഥാനതലത്തിൽ ഇടതുമുന്നണി ചർച്ചചെയ്യുമെന്ന ധാരണയിൽ തൃശൂർ കോർപറേഷനിലെ ഉടക്ക് അവസാനിപ്പിച്ച് സിപിഐ. കൗണ്‍സിൽ വിളിച്ചാൽ ബഹിഷ്കരിക്കുമെന്നു സിപിഐ കൗണ്‍സിലർമാർ നിലപാടെടുത്തിരുന്നെങ്കിലും 20നു ചേരുന്ന കൗണ്‍സിലിൽ പങ്കെടുക്കും. മേയറുടെ കാര്യത്തിൽ ഉടനടി നടപടിയെടുക്കുക അസാധ്യമാണെന്നു സിപിഎമ്മും വ്യക്തമാക്കിയ സാഹചര്യത്തിൽ ചാടിക്കയറി തീരുമാനമെടുക്കുന്നതു മുന്നണിബന്ധത്തെ ബാധിക്കുമെന്നും സിപിഐ വിലയിരുത്തുന്നു. കോർപറേഷൻ കൗണ്‍സിൽ ചേരാതെ ഭരണം സ്തംഭനത്തിലേക്കു നീങ്ങുന്നതു മുന്നണിക്കു നല്ലതല്ലെന്ന നിലപാടും നേതൃതലത്തിൽ നടത്തിയ ചർച്ചകളിൽ ഉയർന്നു.
കോർറേഷനിലെ നികുതിപ്രതിസന്ധി, വ്യാപാരികളുടെ ലൈസൻസ് പുതുക്കൽ എന്നിവയ്ക്കൊപ്പം ഇടതുമുന്നണിയിലെ പ്രശ്നങ്ങൾകൂടി പ്രതിപക്ഷം ആയുധമാക്കുന്നെന്നും കൗണ്‍സിൽ ചേരാത്തതിനെതിരേയുള്ള പ്രചാരണം തിരിച്ചടിയാകുമെന്നും നേതൃത്വം വിലയിരുത്തി. കോർപറേഷന്റെ ദൈനംദിന പ്രവർത്തനം സുഗമമാക്കുന്നതിനൊപ്പം മേയറെ നിയന്ത്രിക്കുമെന്ന ഉറപ്പും സിപിഎമ്മിൽനിന്നു ലഭിച്ചെന്നാണു വിവരം.
തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയം യുഡിഎഫിലും എൽഡിഎഫിലും വൻപൊട്ടിത്തെറിക്കാണ് ഇടയാക്കിയത്. മേയറുടെ പരസ്യപ്രസ്താവനകൾ തിരിച്ചടിയായെന്ന ആദ്യ വെടിപൊട്ടിച്ചതു എൽഡിഎഫ് സ്ഥാനാർഥികൂടിയായ വി.എസ്. സുനിൽകുമാറാണ്. പിന്നീട് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും പരസ്യമായ നിലപാട് വ്യക്തമാക്കി. സുനിൽ കുമാറിന്റെ പഞ്ചായത്തിൽ പിന്നാക്കം പോയതടക്കമുള്ള വിഷയം ചൂണ്ടിക്കാട്ടി പ്രതിരോധം ഉയർത്തുകകൂടി ചെയ്തതോടെ താത്കാലികമായി സഹകരിക്കാമെന്ന നിലപാടിലേക്കു സിപിഐ നേതാക്കളും എത്തിയെന്നാണു വിവരം.