ഒല്ലൂരിൽ കാറുകളുടെ മുകളിലേക്കു മരം വീണു
1436640
Wednesday, July 17, 2024 1:16 AM IST
ഒല്ലൂർ: ചീരാച്ചി വളവിനു സമീപം മെയിൻ റോഡിൽ നിർത്തിയിട്ടിരുന്ന കാറുകളുടെ മുകളിലേക്കു കൂറ്റൻമാവ് കടപുഴകിവീണു. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ ഒന്പതിനായിരുന്നു സംഭവം.
നാട്ടുകാരുടെ പരാതിയെ തുടർന്ന് മുറിച്ചുമാറ്റാൻ നിർദേശം നൽകിയിട്ടും മുറിച്ചുമാറ്റാതെ നിന്നിരുന്ന മരമാണു ശക്തമായ മഴയിലും കാറ്റിലും കടപുഴകിവീണത്. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകളുടെ മുകളിലേക്കാണു മരം വീണത്.
സമീപത്തെ ട്രാൻസ്ഫോർമറിലും വൈദ്യുതിലൈനിലും മരം തട്ടിനിന്നതിനാൽ കാറുകൾക്കു കാര്യമായ കേടുപാടുകൾ പറ്റിയില്ല.
മരം വീണതിനെത്തുടർന്ന് വാഹനഗതാഗതം ഒരുമണിക്കൂറോളം തടസപ്പെട്ടു. ഇതേത്തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. വൈദ്യുതിലൈൻ ഓഫാക്കിയശേഷമാണു തൃശൂരിൽനിന്ന് ഫയർഫോഴ്സെത്തി മരം മുറിച്ചുനീക്കിയത്. തൃശൂർ അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ ജയരാജ്, ഫയർമാൻമാരായ ശിവദാസ്, ബിജോയ്, ഈനാശു, ഹോംഗാർഡ് ബേബി തുടങ്ങിയവരുടെ നേതൃത്വത്തിലാണു മരം മുറിച്ചുനീക്കിയത്.