അലവി സെന്ററിൽ മണ്ണിടിഞ്ഞു
1436485
Tuesday, July 16, 2024 1:23 AM IST
ചാലക്കുടി: കനത്ത മഴയിൽ അലവി സെന്ററിൽ മണ്ണിടിഞ്ഞു. അലവി സെന്റർ പള്ളിക്കു സമീപം താമസിക്കുന്ന ചേമ്പോത്തിങ്കൽപറമ്പിൽ ഹാറൂണിന്റെ വീടിനു സമീപമാണു മണ്ണിടിഞ്ഞു വീണത്. ഒരുമാസത്തിനിടയിൽ മൂന്നാംതവണയാണ് ഈ ഭാഗത്തു മണ്ണിടിയുന്നത്. മുന്പ് മണ്ണിടിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ തഹസീൽദാരും വില്ലേജ് ഓഫിസരുമടങ്ങുന്ന സംഘം മൂന്നു ദിവസത്തിനുള്ളിൽ പരിഹാരം കാണാമെന്നു ഉറപ്പു നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് ഹാറൂൺ പറഞ്ഞു. അന്ന് വീടിനു മുന്പിൽ പാർക്ക് ചെയ്തിരുന്ന കാറിനു നാശനഷ്ടം സംഭവിച്ചിരുന്നു. ഇന്നലെ വൈകീട്ട് പെയ്ത മഴയിലാണ് ഈ ഭാഗത്തു വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിലേക്കു മണ്ണ് വീണ് ഗതാഗതതടസം ഉണ്ടായി. നാട്ടുകാരാണ് റോഡിലെ മണ്ണ് നീക്കംചെയ്തത്.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നഗരസഭ ചെയർമാൻ എബി ജോർജ്, വാർഡ് കൗൺസിലർ സൗമ്യ വിനേഷ്, ഷിബു വാലപ്പൻ എന്നിവർ തഹസിൽദാരെയും വില്ലേജ് ഓഫിസറെയും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെയും ബന്ധപ്പെടുകയും ചെയ്തതിനെ തുടർന്ന് നഗരസഭ അധികൃതരോട് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ അറിയിക്കുകയും ചെയ്തു.
എത്രയും പെട്ടന്ന് ഈ ഭാഗത്തെ മണ്ണ് നീക്കംചെയ്ത് വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് ചെയർമാൻ അറിയിച്ചു.