മംഗലശേരിയിൽ വയോജനവിശ്രമകേന്ദ്രം
1429713
Sunday, June 16, 2024 7:28 AM IST
കൊരട്ടി: മംഗലശേരിയിൽ വയോജന സായാഹ്ന വിശ്രമ കേന്ദ്രത്തിന്റെ നിർമാണം തുടങ്ങി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന മേലൂക്കാരൻ ആന്റണി അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്തുനിന്നും ഗ്രാമപഞ്ചായത്തിന് സൗജന്യമായി നൽകിയ സ്ഥലത്താണ് സായാഹ്ന വിശ്രമകേന്ദ്രമൊരുങ്ങുന്നത്.
വായനശാലയ്ക്കായി വിശാലമായ ഒരു റീഡിംഗ് റൂമും പോസ്റ്റ് ഓഫീസിനായി ഒരു വിപുലമായ മുറിയും ഇരുനിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ നൂറു ശതമാനം നികുതി പിരിവ് പൂർത്തിയാക്കുന്ന വാർഡുകൾക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ രണ്ടുലക്ഷം രൂപ വീതം മൂന്നു വർഷമായി സമാഹരിച്ച തുക ഉപയോഗപ്പെടുത്തിയാണ് ആദ്യഘട്ടം പൂർത്തിയാക്കുന്നത്.
പദ്ധതിയുടെ സാക്ഷാൽക്കാരത്തിന് 30 ലക്ഷം രൂപ സനീഷ് കുമാർ എംഎൽഎ യും യോഗത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു.