ചണ്ടിയും കുളവാഴയും ഒഴുകിയെത്തി; മത്സ്യത്തൊഴിലാളികൾക്കു ദുരിതം
1429148
Friday, June 14, 2024 1:27 AM IST
ചാവക്കാട്: പാടശേഖരങ്ങളില്‍നിന്ന് കൂട്ടമായി ഒഴുകിയെത്തുന്ന ചണ്ടിയും കുളവാഴയും ചേറ്റുവ പുഴയിലെ മത്സ്യതൊഴിലാളികള്‍ക്ക് ദുരിതമായി. മഴ കനക്കുകയും ഏനാമാവ് റഗുലേറ്റര്‍ തുറക്കുകയും ചെയ്തതോടെ ഇതുവഴി വന്‍തോതില്‍ ചണ്ടിയും കുളവാഴയും പുഴയിലേക്ക് ഒഴുകിയെത്തി മീന്‍പിടിത്തം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. പലയിടത്തും പുഴയിലെ വെളളം കാണാന്‍പോലും കഴിയാത്തവിധം ചണ്ടി മൂടിയ നിലയിലാണ്.
കടപ്പുറം, ഒരുമനയൂര്‍, പാവറട്ടി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂര്‍, മണലൂർ തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നായി ചേറ്റുവ പുഴയില്‍ മീന്‍പിടിത്തം നടത്തുന്ന നൂറുകണക്കിന് തൊഴിലാളികളുടെ അന്നം വഴിമുട്ടിച്ചു. രണ്ടാഴ്ചയായി ഇത് തുടങ്ങിയിട്ട്. പുഴയില്‍ വലയിട്ടാല്‍ വല മുഴുവന്‍ ചണ്ടിയും കുളവാഴയുമാണ്. പുഴയുടെ മേല്ത്തട്ടു മുതല്‍ അടിത്തട്ടുവരെ ചണ്ടി നിറഞ്ഞുകിടക്കുന്നതിനാല്‍ മീന്‍പിടിത്തം അസാധ്യമായാണ്. രണ്ടു മാസത്തിലേറെയായി പണിയൊന്നും ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്ന തൊഴിലാളികള്‍ മഴക്കാലമെത്തി പുഴയില്‍ മീന്‍ നിറഞ്ഞതോടെ ദുരിതം കഴിഞ്ഞെന്ന് ആശ്വസിച്ചതായിരുന്നു. അപ്പോഴാണ് കഴിഞ്ഞവര്‍ഷം മഴക്കാലത്തുണ്ടായതുപോലെ ഇത്തവണയും പാടശേഖരങ്ങളില്‍നിന്ന് കൂട്ടമായി ചണ്ടിയും കുളവാഴയും തുടക്കത്തിൽതന്നെ എത്തി.
ട്രോളിംഗ് നിരോധനകാലമായതിനാല്‍ മീനിന് മികച്ചവില കിട്ടുന്ന സമയം കൂടിയാണിത്. കൃഷിനിലങ്ങളിലെ ചണ്ടി മാറ്റാന്‍ കരാര്‍ എടുത്തവരാണ് ഇവ ഒഴുക്കുന്നത് മത്സ്യത്തൊഴിലാളികൾ പറയുന്നു.
മഴക്കാലത്തിനുമുമ്പ് വേനലില്‍ത്തന്നെ ഇവ കരയിലേക്ക് കയറ്റി നശിപ്പിച്ചിരുന്നെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. കഴിഞ്ഞ വർഷം കുളവാഴ പ്രശ്നത്തെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചപ്പോൾ പരിഹാരം കാണുമെന്ന് അധികൃതർ നൽകിയ ഉറപ്പ് പാലിച്ചില്ല. കുളവാഴയും ചണ്ടിയും വീണ്ടും പുഴയിൽ എത്തി.