വിനോദയാത്ര വേണ്ടെന്നുവച്ച് തുക ചികിത്സക്കായി കൈമാറി പത്താംക്ലാസുകാരൻ
1423682
Monday, May 20, 2024 1:48 AM IST
മാള: മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചതിന് സമ്മാനമായി ലഭിച്ച വിനോദയാത്രയും ട്രീറ്റ് നൽകാനുള്ള തുകയും കരൾ പകുത്തു നൽകുന്ന ദിയക്ക് നൽകി മാതൃകയായി അഭയ് കൃഷ്ണ.
എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച അഭയകൃഷ്ണക്ക് മാതാപിതാക്കളായ പൂപ്പത്തി ഏരിയമ്മൽ രാജീവും ഡീനയും വിനോദയാത്ര പോകുന്നതിന് പണം നൽകി. ഇതോടൊപ്പം അച്ഛന്റെ ഓഫീസിലെ സുഹൃത്തുക്കൾക്കും മറ്റും ട്രീറ്റ് നൽകാനായുള്ള തുകയും ചേർത്ത് ദിയയുടെ വീട്ടിൽ നേരിട്ട് എത്തി കൈമാറുകയായിരുന്നു അഭയ്. അമ്മയ്ക്ക് കരൾ പകുത്തു നൽകുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകി ആവശ്യമായ തുക സ്വരൂപിക്കുന്ന നെട്ടോട്ടത്തിലാണ് ഈ കുടുംബം.
മാള സ്നേഹഗിരി ഹോളി ചൈൽഡ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ നേരത്തെ തന്നെ പഠിപ്പിച്ചിട്ടുള്ള അധ്യാപികയാണ് കരൾ രോഗം മൂലം ക്ലേശിക്കുന്നതെന്ന് വീട്ടിലെത്തിയപ്പോഴാണ് അഭയ് അറിയുന്നത്. തന്നെക്കൊണ്ട് ഇത്രയെങ്കിലും ചെയ്യാൻ ആയല്ലോ എന്നാണ് അഭയ് പറയുന്നത്.